തിരുവനന്തപുരം: ധൂർത്തിന്റെ പര്യായമായി സംസ്കൃത സർവകലാശാല. ഒന്നിനും നിയന്ത്രണമില്ലാത്ത അവസ്ഥയാണ് സർവ്വകലാശാലയിൽ നിലനിൽക്കുന്നതെന്ന് കംപ് ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി എ ജി) റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്കൃത സർവകലാശാലയിലെ അധ്യാപക- വിദ്യാർത്ഥി അനുപാതം മറ്റെവിടെയുമില്ല. നാല് വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലാണ് ഇവിടുത്തെ കണക്ക്. ആകെ 1400 വിദ്യാർത്ഥികൾക്ക് 295 അധ്യാപകർ. എന്നാൽ മറ്റു സർവ്വകലാശാലകളിൽ 20 വിദ്യാർത്ഥിക്ക് ഒരു അധ്യാപകൻ എന്നതാണ് കണക്ക്.
ഗസ്റ്റ് അധ്യാപകരുടെ നിയമനത്തിലും യാതൊരു നിയന്ത്രണവും ആർക്കുമില്ല. സ്ഥിരം അധ്യാപകരുടെ എണ്ണത്തിന്റെ പരമാവധി 20 ശതമാനമാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ കഴിയുക.159 ആണ് സംസ്കൃത സർവ്വകലാശാലയിലെ സ്ഥിരം അധ്യാപകരുടെ എണ്ണം. ഈ കണക്ക് പ്രകാരം ഗസ്റ്റ് അധ്യാപകരായി പരമാവധി നിയമിക്കാവുന്നത് 23 പേരെ മാത്രമാണ്. എന്നാൽ 159 ആണ് ഇവിടുത്തെ ഗസ്റ്റ് അധ്യാപകരുടെ എണ്ണം.
അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകളിൽ കൂടുതലാണ് ഇവിടെത്തെ നിയമനങ്ങളെല്ലാം.ഒൻപത് പ്രൊഫസർ തസ്തികകളാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ 43 പേർ ജോലി ചെയ്യുന്നുണ്ട്. അസോസിയറ്റ് പ്രൊഫസർ മാരുടെ തസ്തിക അനുവദിക്കപ്പെട്ടിട്ടുള്ളത് 16 എണ്ണം മാത്രം. എന്നാൽ 25 പേർ ഈ തസ്തികയിൽ ജോലി ചെയ്യുന്നതായി സി എ ജി കണ്ടെത്തിയിട്ടുണ്ട്.
ഇതൊന്നും പോരാതെ 21 സ്ഥിരം അധ്യാപകരെ കൂടെ നിയമിക്കാൻ സർവ്വകലാശാല സിൻഡിക്കേറ്റ് തിരക്കിട്ട് നീക്കം നടത്തിയിരുന്നു. എന്നാൽ ചാൻസിലർ കൂടിയായ ഗവർണർ ഇടപെട്ട് ഇത് തടയുകയായിരുന്നു.
കാലടി ആസ്ഥാനമായുള്ള സംസ്കൃത സർവകലാശാലയ്ക്ക് കാലടി ക്യാമ്പസിന് പുറമേ ആറ് പ്രാദേശിക സെന്ററുകൾ കൂടി കേരളത്തിലുണ്ട്. ആവശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ രണ്ട് കേന്ദ്രങ്ങൾ രണ്ടുവർഷം മുമ്പ് അടച്ചു പൂട്ടിയിരുന്നു.
തിരുവനന്തപുരം കേന്ദ്രത്തിൽ പഠിക്കാനായി 78 വിദ്യാർത്ഥികൾ മാത്രമാണുള്ളത്. എന്നാൽ 24 പേർ അധ്യാപകരായുണ്ട്. കൊല്ലം പന്മനയിൽ 77 പേർ പഠിക്കാനും 12 പേർ പഠിപ്പിക്കാനുമുണ്ട്. ഏറ്റുമാനൂർ കേന്ദ്രത്തിൽ 45 വിദ്യാർഥികൾ ഉണ്ട്.12 അധ്യാപകരും ഇവിടുണ്ട്.
യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഗവേഷണ ഗൈഡുമാരെ സർവ്വകലാശാലയിൽ നിയമിച്ചിട്ടുള്ളതെന്ന് സി എ ജി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച ഫയലുകൾ പരിശോധനയ്ക്ക് നൽകാൻ സർവ്വകലാശാല അധികൃതർ സമ്മതിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2015 -2017 കാലയളവിൽ സർവ്വകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തു ഒന്നരക്കോടി രൂപ ഫെലോഷിപ്പായി കൈപ്പറ്റിയ ഗവേഷക വിദ്യാർഥികൾ ഇതുവരെ ഗവേഷണ പ്രബന്ധം സമർപ്പിച്ചിട്ടില്ല. മലയാളം ഉൾപ്പെടെയുള്ള പഠന വകുപ്പുകളിൽ വിജ്ഞാപനം ചെയ്തതിന്റെ ഇരട്ടി വിദ്യാർത്ഥികളെ ചട്ടവിരുദ്ധമായി പിഎച്ച്ഡിക്ക് പ്രവേശനം നൽകി അവർക്കെല്ലാം ഫെലോഷിപ്പ് അനുവദിച്ച് അധിക സാമ്പത്തിക ചെലവ് വരുത്തുന്നതായി സി എ ജി കണ്ടെത്തിയിട്ടുണ്ട്.
സംസ്കൃത സർവകലാശാലയെ സംബന്ധിച്ച സി എ ജി റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുള്ള ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ധൂർത്തിന് നിയന്ത്രണം ഏർപ്പെടുത്തaണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കും നിവേദനം നൽകിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വൈറല്‍ വിവാഹം: തമ്പാനൂര്‍ പോലീസിന് ഗുരുതര വീഴ്ച; ഡി.ജി.പി. വിശദീകരണം തേടും





