കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ പോലീസും ഭരണകൂടവും ചേര്‍ന്ന് ഒഴുക്കിയ കണ്ണീരത്രയും വ്യാജമായിരുന്നുവെന്നും, അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും വ്യക്തമാക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പിന്നീട് തയ്യാറാക്കിയ എഫ്ഐആറിലോ ഹൈക്കോടതിയില്‍ അടക്കം ഹാജരാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഈ രക്തസാന്നിധ്യത്തെക്കുറിച്ച് ഒരക്ഷരം പോലും പരാമര്‍ശിച്ചിട്ടില്ല.
ആന്തരികാവയവങ്ങള്‍ക്ക് യാതൊരുവിധ പരിക്കുകളുമില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുമ്പോള്‍, പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വന്നു എന്നാണ് നവീന്‍ ബാബുവിന്റെ കുടുംബം ചോദിക്കുന്നത്. തൂങ്ങിമരണങ്ങളില്‍ രക്തം വരുന്നത് സ്വാഭാവികമാണെന്ന പോലീസിന്റെ വിചിത്ര വാദമാണ് ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നത്. സ്വാഭാവികമാണെങ്കില്‍ എന്തുകൊണ്ട് ഇത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മറച്ചുവെച്ചു എന്ന ചോദ്യം നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല, മറിച്ച് ആസൂത്രിതമായ കൊലപാതകമാണെന്ന കുടുംബത്തിന്റെ സംശയങ്ങള്‍ക്ക് കനത്ത ബലമേകുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടതോടെ, പോലീസിന്റെ ഈ കള്ളക്കളികളാകും കേന്ദ്ര ഏജന്‍സിക്ക് മുന്നിലെ പ്രധാന വഴിത്തിരിവ്.
2024 ഒക്ടോബര്‍ 14ന് വൈകുന്നേരം കണ്ണൂര്‍ കളക്ടറേറ്റില്‍ വെച്ചാണ് യാത്രയയപ്പ് യോഗത്തിനിടെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യ നവീന്‍ ബാബുവിനെ പരസ്യമായി അധിക്ഷേപിക്കുന്നത്. പിറ്റേന്ന് രാവിലെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ അധിക്ഷേപത്തിന് ശേഷം നവീന്‍ ബാബു ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ആ അവസാന മണിക്കൂറുകളില്‍ എന്താണ് സംഭവിച്ചതെന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് (ടകഠ) ഇനിയും ഉത്തരമില്ല. ക്ഷണിക്കപ്പെടാതെ ദിവ്യ ആ ചടങ്ങിലേക്ക് എത്തിയതിന് പിന്നില്‍ സി.പി.എമ്മിലെ ഏത് ഉന്നത തല ഇടപെടലാണ് നടന്നതെന്ന കാര്യം പോലീസ് ബോധപൂര്‍വ്വം അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് കൈമാറിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്. ഈ പെട്രോള്‍ പമ്പ് ഒരു പങ്കാളിത്ത കരാറായിരുന്നുവെന്നും ഇതിന് പിന്നില്‍ കണ്ണൂരിലെ സി.പി.എമ്മിന്റെ ബിനാമി സാന്നിധ്യമുണ്ടെന്നും ആരോപണമുണ്ട്.
കൈക്കൂലി നല്‍കിയെന്ന് പറയുന്ന ടി.വി. പ്രശാന്ത് പണം കണ്ടെത്താന്‍ സ്വര്‍ണം പണയം വെച്ചതിന്റെ രേഖകള്‍ പോലും ഹാജരാക്കിയിട്ടില്ല. പ്രശാന്തനും നവീന്‍ ബാബുവും കണ്ടുമുട്ടിയെന്ന് പറയുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാതെ മുഴുവന്‍ രൂപത്തില്‍ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണസംഘം കാണിച്ച മെല്ലെപ്പോക്ക് തന്നെ അട്ടിമറി വ്യക്തമാക്കുന്നതാണ്. ദിവ്യയുടെ അധിക്ഷേപത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയനും നവീന്‍ ബാബുവിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. ഈ നാടകങ്ങളെല്ലാം കളക്ടറുടെ അറിവോടെയാണോ എന്ന് സംശയിക്കുന്ന കുടുംബം, കളക്ടറെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അന്നത്തെ സര്‍ക്കാര്‍ അത് തള്ളി.
മൃതദേഹ പരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതിനെ ബന്ധുക്കള്‍ എതിര്‍ക്കുകയും കോഴിക്കോട്ടേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കളക്ടര്‍ ഇടപെട്ട് ബന്ധുക്കളെ ഒതുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റ്മോര്‍ട്ടം ചെയ്ത സര്‍ജന് പോലീസ് നല്‍കിയില്ലെന്ന സംശയം ശക്തമാണ്. തങ്ങളുടെ അസാന്നിധ്യത്തില്‍ തിടുക്കപ്പെട്ട് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കുടുംബം ഉറച്ചുവിശ്വസിക്കുന്നു. ഏറ്റവും ഞെട്ടിക്കുന്ന വിവരം, കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ടി.വി. പ്രശാന്തിന്റെ കോള്‍ ഡാറ്റാ റെക്കോര്‍ഡില്‍ ഒന്‍പത് ദിവസത്തെ സംശയാസ്പദമായ ഇടവേളയുണ്ടെന്നതാണ്. ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 14 വരെയുള്ള അതീവ നിര്‍ണ്ണായകമായ ദിവസങ്ങളിലെ കോള്‍ റെക്കോര്‍ഡുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഈ ദിവസങ്ങളിലാണ് ഗൂഢാലോചനകള്‍ നടന്നതെന്ന് വ്യക്തമാണ്.
മാത്രമല്ല, പ്രതിയായ പി.പി. ദിവ്യ ഔദ്യോഗിക മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചിട്ടേയില്ലെന്ന വിചിത്രമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിക്ക് നല്‍കിയത്. കേസില്‍ നിലവില്‍ ദിവ്യ മാത്രമാണ് പ്രതിക്കൂട്ടിലുള്ളതെങ്കിലും, സിബിഐ ഈ കാണാതായ കോള്‍ ഡാറ്റകളും ഇന്‍ക്വസ്റ്റിലെ രക്തക്കറയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ കണ്ണൂരിലെ പല വമ്പന്മാരുടെയും തൊപ്പി തെറിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മോഹന്‍ലാലിന് പങ്കില്ല; ലാലും പെരുമ്പാവൂരും സുഹൃത്തുക്കള്‍ മാത്രം; സത്യം വെളിപ്പെടുത്തി കോണ്‍ഫിഡന്റ് ഗ്രൂപ്പ്





