മലപ്പുറം: വണ്ടൂര്‍ അമ്പലപ്പടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണ വളകള്‍ മുറിച്ചെടുത്ത കേസില്‍ മൂന്ന് പേരെ പൊലീസ് അതിസമര്‍ത്ഥമായി പിടികൂടി. അമ്പലപ്പടി സ്വദേശികളായ പാലാംപറമ്പത്ത് നിധിന് (30), സഹോദരന് നിഖില്‍ (28), ഇരുവരുടെയും സഹോദരീ ഭര്‍ത്താവായ പടിഞ്ഞാറേ മണ്ടാവില്‍ ജിജേഷ് (39) എന്നിവരെയാണ് വണ്ടൂര്‍ സിഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പോലീസിന്റെ സമാനതകളില്ലാത്തതും സൂക്ഷ്മവുമായ അന്വേഷണമാണ് ഈ കേസിലുണ്ടായത്.
കഴിഞ്ഞ ഡിസംബര്‍ 22-നായിരുന്നു കേസിനാസ്പദമായ അക്രമവും കവര്‍ച്ചയും നടന്നത്. അമ്പലപ്പടി ബൈപ്പാസിന് സമീപം താമസിക്കുന്ന പരേതനായ വിമുക്തഭടന് പാലക്കത്തോട്ടില്‍ വിജയകുമാറിന്റെ ഭാര്യ ചന്ദ്രമതിയെയാണ് (63) പ്രതികള്‍ ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ചന്ദ്രമതി നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
തന്റെ കടബാധ്യതകള്‍ വീട്ടാനുള്ള പണം കണ്ടെത്താനാണ് ജിജേഷ് ഈ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഓട്ടോ ഡ്രൈവറായ ജിജേഷ് ചന്ദ്രമതിയുമായി നേരത്തെ പരിചയമുള്ളയാളും അവരുടെ വീടുകളിലേക്ക് പലപ്പോഴും ട്രിപ്പുകള്‍ പോയിരുന്ന വ്യക്തിയുമായിരുന്നു. ചന്ദ്രമതി വീട്ടില്‍ തനിച്ചാണ് താമസമെന്നും അവരുടെ കൈവശം സ്വര്‍ണ്ണമുണ്ടെന്നും മനസ്സിലാക്കിയ ജിജേഷാണ് മോഷണത്തിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിനായി എറണാകുളത്ത് ജോലി ചെയ്തിരുന്ന ഭാര്യസഹോദരന് നിഖിലിനെ ഇയാള്‍ പ്രത്യേകം വിളിച്ചുവരുത്തുകയായിരുന്നു.
സ്കൂൾ ഫണ്ട് തട്ടിപ്പ്: മുൻ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിനതടവും പിഴയും; വിജിലൻസ് കോടതി വിധി
കൃത്യം നടന്ന ദിവസം രാത്രി വീടിന്റെ പിന്‍ഭാഗത്തെ വയലിലൂടെയാണ് പ്രതികള്‍ വീട്ടിലെത്തിയത്. പിന്‍വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി ചന്ദ്രമതിയെ പുറത്തിറക്കിയ ജിജേഷ് പിന്നില്‍ നിന്ന് അവരുടെ വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചു. ആ സമയം നിധിന് തന്റെ കയ്യിലുണ്ടായിരുന്ന കട്ടര്‍ ഉപയോഗിച്ച് ചന്ദ്രമതിയുടെ കൈയ്യിലുണ്ടായിരുന്ന വളകള്‍ മുറിച്ചെടുക്കുകയായിരുന്നു. മുഖം തിരിച്ചറിയാതിരിക്കാന്‍ മൂവരും മങ്കി ക്യാപ്പുകള്‍ ധരിച്ചാണ് എത്തിയത്. അന്വേഷണം വഴിതിരിച്ചുവിടാനും ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതാക്കാനും മുളകുപൊടി വിതറിയ ശേഷമാണ് സംഘം അവിടെ നിന്ന് കടന്നുകളഞ്ഞത്.
പോലീസ് തങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തുന്നത് ഒഴിവാക്കാന്‍ കൃത്യം നടക്കുന്ന സമയത്ത് പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാല്‍ പ്രദേശത്തെ മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയും സംശയമുള്ളവരെ രഹസ്യമായി നിരീക്ഷിച്ചും പോലീസ് സംഘം പ്രതികളിലേക്ക് എത്തിച്ചേര്‍ന്നു. ജിജേഷിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ നീക്കത്തിലൂടെ മോഷണം പോയ സ്വര്‍ണ്ണവുമായി എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന നിഖിലിനെ ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടി.
പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. എസ്ഐമാരായ ഓ. വാസുദേവന്‍, വി.കെ. പ്രദീപ്, സീനിയര്‍ സിപിഒമാരായ മുഹമ്മദ് ഷിഫിന്, റിയാസ്, മഹേഷ്, സജീഷ്, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ സുനില്‍ മമ്പാട്, ആശിഫ് അലി, ജിയോ ജേക്കബ്, സജീഷ് കെ., കൃഷ്ണദാസ്, സാബിര്‍ അലി, സജേഷ്, നിബിന്‍ദാസ്, അഭിലാഷ് കൈപ്പിനി എന്നിവരടങ്ങിയ സംഘമാണ് കേസ് തെളിയിച്ചത്.


തിരുവല്ലയില്‍ നടന്നത് ക്വട്ടേഷന്‍? അതിജീവിതയുടെ വെളിപ്പെടുത്തല്‍ പുറത്ത്; ‘കഴുത്തില്‍ കത്തി വെച്ച് പീഡിപ്പിച്ചു, കസ്റ്റമറെ കൂടെക്കിടത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി





