ബല്‍റാം കുമാര്‍ ഉപാധ്യായക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം; കോടതിയില്‍ ഹര്‍ജി, ജയില്‍ വകുപ്പ് മേധാവിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരന്‍

തിരുവനന്തപുരം: സംസ്ഥാന ജയിൽ വകുപ്പ് മേധാവിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ബൽറാം കുമാർ ഉപാധ്യായക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് പൊതുപ്രവർത്തകനായ ടി.എസ്. ആശിഷ് ഹർജി നൽകിയത്. അഴിമതിക്കേസിൽ സസ്പെൻഷനിലായ മുൻ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാം കുമാർ ഉപാധ്യായ ഒത്താശ ചെയ്തുവെന്നും ഇതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നുമാണ് ഹർജിയിലെ ഗുരുതര ആരോപണം.

ഡിഐജി പദവിയിൽ നിന്ന് വിരമിച്ച പി. അജയകുമാർ ഒരു മാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ ആസ്പദമാക്കിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നിലവിൽ കേരള പോലീസിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബൽറാം കുമാർ ഉപാധ്യായ.

ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി, ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് നിരീക്ഷിച്ചു. അതിനാൽ എതിർകക്ഷിക്കെതിരെ തുടനടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിൽ നിന്നുള്ള പ്രൊസീക്യൂഷൻ അനുമതി ഹാജരാക്കാൻ ഹർജിക്കാരന് നിർദ്ദേശം നൽകി.

വിജിലൻസിൽ പരാതി നൽകിയിട്ടും അന്വേഷണം ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. മെയ് 28-ന് കോടതി കേസ് വീണ്ടും പരിഗണിക്കും.അഡ്വക്കേറ്റുമാരായ ഷോബി ജോസഫ്, ബി.എസ്. റിയാസ് എന്നിവരാണ് ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായത്. ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ഉയർന്ന ഈ അഴിമതി ആരോപണം ആഭ്യന്തര വകുപ്പിനും സർക്കാരിനും വരും ദിവസങ്ങളിൽ വലിയ തലവേദനയായേക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.