ഒതുക്കുങ്ങൽ: ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറുന്ന ‘വാഴ-2’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് വേദ ശങ്കർ. ചിത്രത്തിൽ അലൻ എന്ന കഥാപാത്രത്തിന്റെ സഹോദരി അഷ്നയായാണ് വേദ എത്തിയത്. സിനിമയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായി വേഷമിട്ട വേദ, യഥാർത്ഥ ജീവിതത്തിൽ കോട്ടയ്ക്കൽ കുളത്തൂപ്പറമ്പ് സ്വദേശിയായ എട്ടാം ക്ലാസുകാരിയാണെന്നത് പ്രേക്ഷകരെ അതിശയിപ്പിക്കുന്നു.
ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയമികവ് തെളിയിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഈ കൊച്ചു കലാകാരി. നാവികസേനയിൽ നിന്ന് വിരമിച്ച ജയശങ്കറിന്റെയും കോട്ടയ്ക്കൽ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഉദ്യോഗസ്ഥ അഞ്ജു പ്രകാശിന്റെയും മകളാണ് വേദ.അഭിനയത്തിന് പുറമെ നൃത്തത്തിലും കളരിയിലും വേദ മികവ് പുലർത്തുന്നുണ്ട്. മലപ്പുറം എ.പി.എം. കളരിസംഘത്തിലെ ഇല്ലിക്കൽ മമ്മദ് ഗുരുക്കളുടെ കീഴിലാണ് കളരി അഭ്യസിച്ചത്. ഭരതനാട്യം അരങ്ങേറ്റം പൂർത്തിയാക്കിയ വേദ ഇപ്പോൾ കലാമണ്ഡലം അരുണ ആർ. മാരാരുടെ കീഴിൽ മോഹിനിയാട്ടം പഠിച്ചുവരികയാണ്. അച്ഛന്റെ സുഹൃത്ത് അയച്ച മെസേജ് വഴിയാണ് ഓഡിഷനെക്കുറിച്ച് അറിഞ്ഞത്. മൂന്ന് നാല് ഘട്ടങ്ങളിലായി നടന്ന കടുത്ത ഓഡിഷന് ശേഷമാണ് വേദയെ അഷ്നയായി തിരഞ്ഞെടുത്തത്.
എട്ടാം ക്ലാസുകാരിയായ തന്നെ പന്ത്രണ്ടാം ക്ലാസുകാരിയാക്കി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിപിൻ ദാസിനും സംവിധായകൻ സവിൻ സായ്ക്കും ആണെന്ന് വേദ പറയുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി അവസരങ്ങൾ വേദയെ തേടിയെത്തുന്നുണ്ട്. എന്നാൽ മകൾക്ക് അനുയോജ്യമായ നല്ല കഥാപാത്രങ്ങൾ മാത്രമേ സ്വീകരിക്കൂ എന്നാണ് അച്ഛൻ ജയശങ്കറിന്റെ നിലപാട്.
പിണക്കങ്ങള്‍ പമ്പകടന്നു; പത്തു വര്‍ഷത്തെ വേര്‍പിരിയലിന് വിരാമം; പ്രിയദര്‍ശനും ലിസിയും വീണ്ടും ഒന്നിക്കുന്നു!


ഒടിടിയില്‍ ഇന്ത്യന്‍ താരങ്ങളുടെ തേരോട്ടം; ടോം ക്രൂസിനെ പിന്തള്ളി രശ്മികയും പ്രണവ് മോഹന്‍ലാലും ഒന്നാമത്





