തിരുവനന്തപുരം: ഇൻഡ്യയുടെ നിയമചരിത്രത്തിലെ ഏറ്റവും വൈകാരികവും എന്നാൽ അത്യന്തം സങ്കീർണ്ണവുമായ ഒരു അധ്യായമാണ് ദയാവധം (Euthanasia). ഒരാൾക്ക് അന്തസ്സോടെ ജീവിക്കാൻ അവകാശമുള്ളതുപോലെ തന്നെ, ദുസ്സഹമായ വേദനകളിൽ നിന്ന് മുക്തിനേടി അന്തസ്സോടെ മരിക്കാനും അവകാശമുണ്ടോ? പതിറ്റാണ്ടുകളായി ഇന്ത്യൻ കോടതിമുറികളിൽ മുഴങ്ങിക്കേൾക്കുന്ന ഈ ചോദ്യം, കേവലം ഒരു നിയമപ്രശ്നമല്ല; മറിച്ച് ധാർമ്മികതയും വൈദ്യശാസ്ത്രവും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലുള്ള വലിയൊരു പോരാട്ടമാണ്.
പി. രത്തിനത്തിന്റെ കേസ് മുതൽ അരുണ ഷാൻബാഗിലൂടെ കടന്ന് ഹരീഷ് റാണയുടെ വിധി വരെ എത്തിനിൽക്കുന്ന ഇന്ത്യയിലെ നിഷ്ക്രിയ ദയാവധത്തിന്റെ (Passive Euthanasia) പരിണാമം പരിശോധിക്കുമ്പോൾ, മാറുന്ന കാലത്തിനനുസരിച്ച് നീതിപീഠം കൈക്കൊണ്ട വിപ്ലവാത്മകമായ നിലപാടുകൾ നമുക്ക് കാണാൻ സാധിക്കും.
ഇന്ത്യൻ നിയമവ്യവസ്ഥയിൽ ദയാവധത്തെ പ്രധാനമായും രണ്ടായി തിരിച്ചിട്ടുണ്ട്. മാരകമായ വിഷം കുത്തിവെച്ചോ മറ്റോ ബോധപൂർവ്വം മരണം ഉറപ്പാക്കുന്ന ‘സജീവ ദയാവധം’ (Active Euthanasia) ഇന്ത്യയിൽ ഇപ്പോഴും നിയമവിരുദ്ധമാണ്. എന്നാൽ, മരുന്നുകളോ വെന്റിലേറ്റർ, ഫീഡിംഗ് ട്യൂബ് പോലുള്ള കൃത്രിമ ജീവൻരക്ഷാ ഉപാധികളോ പിൻവലിക്കുന്നതിലൂടെ ഒരു രോഗിയെ പ്രകൃതിദത്തമായ മരണത്തിന് അനുവദിക്കുന്ന ‘നിഷ്ക്രിയ ദയാവധം’ (Passive Euthanasia) ചില നിബന്ധനകളോടെ ഇന്ന് ഇന്ത്യയിൽ അനുവദനീയമാണ്. ഈ മാറ്റത്തിലേക്കുള്ള വഴി തുറന്നത് 1994-ലെ പി. രത്തിനവും 1996-ലെ ജിയാൻ കൗറും നടത്തിയ ചൂടേറും നിയമപോരാട്ടങ്ങളായിരുന്നു. തുടക്കത്തിൽ ‘ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശവും ഉൾപ്പെടുമെന്ന്’ കോടതി നിരീക്ഷിച്ചെങ്കിലും, ജ്ഞാൻ കൗർ കേസിൽ ഭരണഘടനാ ബെഞ്ച് ആ വിധി തിരുത്തിക്കൊണ്ട് ദയാവധം എന്ന ചർച്ചയ്ക്ക് താൽക്കാലിക വിരാമമിട്ടു.
എന്നാൽ 2011-ൽ അരുണ ഷാൻബാഗ് എന്ന നഴ്സിന്റെ ജീവിതം ഇന്ത്യയുടെ നിയമചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. 1973-ൽ ക്രൂരമായ പീഡനത്തിനിരയായി 42 വർഷത്തോളം അബോധാവസ്ഥയിൽ (Persistent Vegetative State) ആശുപത്രി കിടക്കയിൽ കഴിഞ്ഞ അരുണയ്ക്ക് വേണ്ടി സുഹൃത്തും മാധ്യമ പ്രവർത്തകയുമായ പിങ്കി വിരാനി കോടതിയെ സമീപിച്ചതോടെയാണ് ‘നിഷ്ക്രിയ ദയാവധം’ എന്ന വാതിൽ ഇന്ത്യയിൽ തുറക്കപ്പെട്ടത്. അരുണയുടെ മരണം കോടതി അനുവദിച്ചില്ലെങ്കിലും, പ്രത്യേക സാഹചര്യങ്ങളിൽ കർശനമായ മാനദണ്ഡങ്ങളോടെ നിഷ്ക്രിയ ദയാവധം നടപ്പിലാക്കാമെന്ന ചരിത്രപരമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.
തുടർന്ന് 2018-ൽ ‘കോമൺ കോസ്’ എന്ന സംഘടന നൽകിയ ഹർജിയിൽ, മസ്തിഷ്ക മരണം സംഭവിച്ചതോ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതോ ആയ അവസ്ഥയിൽ കൃത്രിമ ജീവൻരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കി അന്തസ്സോടെ മരിക്കാൻ വ്യക്തികൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്നെ, താൻ ഭാവിയിൽ അബോധാവസ്ഥയിലായാൽ ചികിത്സ തുടരണോ വേണ്ടയോ എന്ന് മുൻകൂട്ടി എഴുതിവെക്കാനുള്ള ‘ലിവിംഗ് വിൽ’ (Living Will) എന്ന സംവിധാനത്തിനും കോടതി അംഗീകാരം നൽകി.
ഏറ്റവും ഒടുവിലായി 2024-ൽ ഹരീഷ് റാണയുടെ കേസ് ഈ ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. 2013-ൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ശരീരം തളർന്ന് 13 വർഷമായി കിടപ്പിലായ മകന് വേണ്ടി മാതാപിതാക്കൾ ദയാവധം ആവശ്യപ്പെട്ടെങ്കിലും ഡൽഹി ഹൈക്കോടതി അത് നിരാകരിച്ചു. ഹരീഷ് റാണ സ്വന്തമായി ശ്വസിക്കുന്നുണ്ടെന്നും വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് ജീവിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് നൽകുന്ന ആഹാരവും വെള്ളവും നിഷേധിക്കുന്നത് നിഷ്ക്രിയ ദയാവധമല്ല മറിച്ച് കൊലപാതകത്തിന് തുല്യമാകുമെന്ന് നിരീക്ഷിച്ചു.
നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ഇന്ത്യൻ കോടതികൾ എത്രത്തോളം ജാഗ്രത പുലർത്തുന്നു എന്നതിന്റെ തെളിവാണ് ഈ വിധി. ചുരുക്കത്തിൽ, അന്തസ്സോടെ മരിക്കാനുള്ള അവകാശം ഒരു മൗലികാവകാശമായി ഉയർത്തപ്പെടുമ്പോഴും, ജീവൻ നിലനിർത്താനുള്ള ഭരണഘടനാപരമായ ബാധ്യതയും മാനുഷിക മൂല്യങ്ങളും തമ്മിലുള്ള തുലനം നിലനിർത്താനാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഇന്നും ശ്രമിക്കുന്നത്.






