തവനൂരിൽ കെ.ടി. ജലീലിന് അപ്രതീക്ഷിത തോൽവി; വി.എസ്. ജോയിയെ അഭിനന്ദിച്ച് ജലീൽ; ജനവിധി അംഗീകരിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം: മലപ്പുറം ജില്ലയിലെ ഇടതുകോട്ടയായ തവനൂരിൽ കെ.ടി. ജലീലിന് കനത്ത തിരിച്ചടി. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപേ പരാജയം സമ്മതിച്ച് ജലീൽ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയെ അഭിനന്ദിച്ചുകൊണ്ട് ജലീൽ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

“ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും.”

2011 മുതൽ കഴിഞ്ഞ 15 വർഷമായി തവനൂരിൽ കെ.ടി. ജലീൽ അജയ്യനായിരുന്നു. മുസ്ലിം ലീഗിൽ നിന്ന് പിണങ്ങിയിറങ്ങി എൽഡിഎഫ് സ്വതന്ത്രനായി എത്തിയ ജലീലിനെ തവനൂരുകാർ ഇതുവരെ കൈവിട്ടിരുന്നില്ല. എന്നാൽ ഇത്തവണ മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായ വി.എസ്. ജോയിയെ കളത്തിലിറക്കിയ യുഡിഎഫ് തന്ത്രം ഫലം കണ്ടു.കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന യുവനേതാവ് വി.എസ്. ജോയിക്ക് മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ വലിയ രീതിയിൽ സമാഹരിക്കാൻ സാധിച്ചു.

2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും എൽഡിഎഫ് നേരിട്ട തോൽവി ജലീലിന് നേരത്തെ തന്നെ മുന്നറിയിപ്പായിരുന്നു.ജില്ലയിൽ എൽഡിഎഫിന്റെ ഉറച്ച സീറ്റുകളിൽ പോലും വോട്ടുകൾ ചോർന്നത് വൻ ആഘാതമായി.ലീഗിൽ നിന്ന് പുറത്തുവന്ന ജലീലിന് രാഷ്ട്രീയമായി വലിയ തണൽ നൽകിയ മണ്ഡലമായിരുന്നു തവനൂർ. ജലീലിന്റെ പരാജയം മലപ്പുറം ജില്ലയിലെ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസത്തിന് വലിയ പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. തവനൂരിലെ ഈ മാറ്റം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.