മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ അലി ശിഹാബ് തങ്ങൾക്കെതിരെ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പ്രചരണായുധമാക്കി മുസ്ലിംലീഗും യു ഡി എഫും. ആരോ പടച്ചുവിട്ട ഈ പോസ്റ്റിന്റെ ചൂടേൽക്കാതിരിക്കാൻ പരമാവധി ശ്രമം നടത്തുകയാണ് സിപിഎമ്മും എൽ ഡി എഫും.
‘ഷാനു ഷാനു’ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയ നേതാവുമായ തങ്ങൾക്കെതിരെയുള്ള അധിക്ഷേപകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തലയിൽ തട്ടമിട്ട് മുഖം കാണിക്കാതെ തിരിഞ്ഞുനിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് പ്രൊഫൈൽ ചിത്രമായി ഈ പേജിൽ കൊടുത്തിരിക്കുന്നത്.
“എന്റെ വ്യക്തിപരമായ ഒരു ആവശ്യത്തിനായി പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കണ്ടിരുന്നു. വിഷയം പരിഹരിക്കാം എന്നും പിന്നീട് വിളിച്ച് അറിയിക്കാം എന്നും പറഞ്ഞു അദ്ദേഹം എന്റെ ഫോൺ നമ്പർ വാങ്ങി. എന്നാൽ അന്ന് രാത്രി മുതൽ വളരെ മോശമായ രീതിയിലുള്ള സന്ദേശങ്ങളാണ് അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിച്ചത്” എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഈ പോസ്റ്റിനോടൊപ്പം സാദിഖലി തങ്ങളുടെ ഷർട്ട് ഇടാത്ത ചിത്രവും പങ്കുവെച്ചിരുന്നു. തങ്ങൾ അയച്ചു നൽകിയത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രമായിരുന്നു അത്. സി പി എം സൈബർ പോരാളിയും, എംഎൽഎയും മുൻമന്ത്രിയുമായ കെ ടി ജലീലിന്റെ അടുത്ത അനുയായിയുമായ അഫ്സൽ പാണക്കാട്ന്റെ ഫേസ്ബുക്ക് പേജ് ടാഗ് ചെയ്തുകൊണ്ടായിരുന്നു ഷാനു ഷാനുവിന്റെ പോസ്റ്റ്. അതോടെ വിവാദത്തിന്റെ കൊടുങ്കാറ്റുയർന്നു.
ഫേസ്ബുക്ക് പേജിലെ ചിത്രം എ ഐ നിർമ്മിതമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാക്കുന്നതാണ്. അതോടെ അഫ്സൽ പാണക്കാട് തന്നെ ടാഗ് ചെയ്തിട്ട ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ആക്കി. അഫ്സൽ പാണക്കാടിന്റെ ഫേസ്ബുക്ക് പേജിൽ ടാഗ് ചെയ്യപ്പെട്ട ഷാനു ഷാനുവിന്റെ പോസ്റ്റിൽ എൽഡിഎഫ് അണികളിൽ ചിലരെങ്കിലും ലൈക് അടിച്ചിരുന്നു. എന്നാൽ അപകടം മണത്തതോടെ അവരൊക്കെ പിൻവലിഞ്ഞ് തടിയൂരുകയായിരുന്നു.
ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ മത്സരിച്ച യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വീണുകിട്ടിയ ‘കാഫിർ സ്ക്രീൻഷോട്ട് ‘പോലെ ഷാനു ഷാനുവിൽ നിന്നും വീണുകിട്ടിയ ‘തങ്ങൾ പോസ്റ്റ് ‘പരമാവധി പ്രയോജനപ്പെടുത്താനായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളുടെ നീക്കം. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഈ ഫേസ്ബുക്ക്പോസ്റ്റിനെതിരെ പരാതി നൽകി ശക്തമായി രംഗത്ത് വന്നു. ഇപ്പോൾ മലപ്പുറം സൈബർ പോലീസ് ഈ പരാതിയിൽ കേസെടുത്തിട്ടുമുണ്ട്.
വ്യാജ ഫേസ്ബുക്ക് പേജ് ആണ് ഷാനു ഷാനു എന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രം ആരംഭിച്ച ഈ പേജിൽ ഈ പോസ്റ്റ് മാത്രമാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പേജിന്റെ ഐ പി വിലാസം വിദേശ രാജ്യത്തുള്ളതുമാണ്.
സി പി എം സൈബർ അണികളിൽ ആരോ ആണ് ഈ ഫേസ്ബുക്ക് പേജിന്റെ പുറകിൽ എന്ന് വ്യാപകമായ പ്രചരണം ഉണ്ടാവുകയും അതിലെല്ലാം അഫ്സൽ പാണക്കാട്നെ ലക്ഷ്യമിടുകയും ചെയ്തതോടെ അദ്ദേഹവും പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. സത്യം അന്വേഷിച്ചു കണ്ടെത്തണം എന്നാണ് പരാതിയിലെ ആവശ്യം.
യു ഡി എഫ് സൈബർ അണികൾ അഫ്സൽ പാണക്കാട്നെ ലക്ഷ്യംവെക്കുന്നതിന്റെ ഉദ്ദേശം തിരിച്ചറിഞ്ഞതോടെ ഷാനു ഷാനുവിന്റെ പോസ്റ്റിനെ അപലപിച്ച് കെ ടി ജലീലും രംഗത്തെത്തിയിട്ടുണ്ട്. സാദിഖലി തങ്ങളുടെ ഗുണഗണങ്ങൾ വാഴ്ത്തി പറയുന്നതാണ് ജലീലിന്റെ പോസ്റ്റ്.
അതിനിടെ ഷാനു ഷാനു ഒരു സ്ത്രീയല്ല, പുരുഷനാണ് എന്ന സംശയവും ഉയർന്നിട്ടുണ്ട്. പോലീസ് തന്റെ വിലാസം കണ്ടെത്തി അന്വേഷിച്ചു വന്നാൽ ആവശ്യമായ തെളിവുകൾ നൽകാൻ സന്നദ്ധനാണ് എന്ന ഒരു വിശദീകരണക്കുറിപ്പ് ഈ പേജിൽ പ്രത്യക്ഷപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് ദിനം അടുക്കുംതോറും ഈ ഫേസ്ബുക്ക് പോസ്റ്റ് കൂടുതൽ ചർച്ചയാകും എന്നതിൽ തർക്കമില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചുവട് മാറ്റത്തിനൊരുങ്ങി ജോസ്; വെല്ലുവിളിയായി റോഷിയുടെ ‘തുടരും’ പോസ്റ്റ്; മധ്യതിരുവിതാംകൂറില് പുതിയ രാഷ്ട്രീയ ഭൂകമ്പ സാധ്യത;. ജോസിനും ജോസഫിനും പുതിയ ‘തുടക്കം’!





