ഇറാനെയും നേതാക്കളെയും തകര്‍ക്കും; ഹോര്‍മൂസ് ഉപരോധം തുടരും; കടുത്ത ഭീഷണിയുമായി ട്രംപ്; ലോകം യുദ്ധഭീതിയില്‍

വാഷിംഗ്ടണ്‍: ഇറാന്റെ ബാക്കിയുള്ള ഭാഗങ്ങളും അവരുടെ നേതാക്കളെയും തകര്‍ക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മൂസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം നീക്കില്ലെന്ന് വ്യക്തമാക്കിയാണ് ട്രംപ് വീണ്ടും രംഗത്തെത്തിയത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ലോകത്തെ നടുക്കിയ പ്രകോപനപരമായ പോസ്റ്റ് ട്രംപ് പങ്കുവെച്ചത്.
ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിട്ടാന്‍ ഇറാന്‍ വെമ്പുകയാണെന്നും എന്നാല്‍ തന്റെ ഉപരോധം മൂലം അവര്‍ക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ‘ഇറാന്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. കടലിടുക്ക് തുറന്നാല്‍ മാത്രമേ അവര്‍ക്ക് ഇനി നിലനില്‍പ്പുള്ളൂ. എന്നാല്‍ ഇറാനുമായി ഒരു കരാറില്‍ എത്തുന്നതുവരെ ഈ ഉപരോധം തുടരും. അതിന് തയ്യാറല്ലെങ്കില്‍ ആ രാജ്യത്തെയും അവരുടെ നേതാക്കളെയും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ മടിക്കില്ല’ – ട്രംപ് കുറിച്ചു.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപിന്റെ ഈ നീക്കം. പാകിസ്ഥാന്‍ വഴി സമാധാന ചര്‍ച്ചകള്‍ക്ക് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെ അയക്കാന്‍ വൈറ്റ് ഹൗസ് പദ്ധതിയിട്ടിരുന്നെങ്കിലും ചര്‍ച്ചകള്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ഹോര്‍മൂസ് കടലിടുക്കിലെ അമേരിക്കയുടെ ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാനും നിലപാടെടുത്തിട്ടുണ്ട്.
ഇറാന്റെ നാവിക സേനയും വ്യോമസേനയും ഇതിനകം തന്നെ തകര്‍ക്കപ്പെട്ടുവെന്നും അവരുടെ ആണവ കേന്ദ്രങ്ങള്‍ നാമാവശേഷമായെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ സാമ്പത്തികാവസ്ഥ മോശമായതിനാല്‍ അവിടുത്തെ സൈന്യത്തിനും പോലീസിനും ശമ്പളം പോലും നല്‍കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായൊരു സമാധാന നിര്‍ദ്ദേശം വരുന്നത് വരെ വെടിനിര്‍ത്തല്‍ നീട്ടാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഉപരോധത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
അതിനിടെ, അമേരിക്കന്‍ സേന ഇറാനിലേക്കുള്ള എണ്ണക്കപ്പലുകള്‍ പിടിച്ചെടുക്കുന്നത് തുടരുകയാണ്. ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്‌നര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ട്രംപിന്റെ ഈ പുതിയ ഭീഷണി മേഖലയെ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള വിപണിയില്‍ വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.