വാഷിംഗ്ടണ്‍: ഇറാന്-അമേരിക്ക സംഘര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ട രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ആഗോള വിപണിയില്‍ വലിയ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്. യുദ്ധഭീതിയില്‍ തകര്‍ച്ച നേരിട്ടിരുന്ന വിപണികള്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായി തിരിച്ചുവന്നു. ഏറ്റവും വലിയ ആശ്വാസം ഉണ്ടായത് എണ്ണ വിപണിയിലാണ്. യുദ്ധം മുറുകിയതോടെ ബാരലിന് 100 ഡോളറിന് മുകളില്‍ പോയ ക്രൂഡ് ഓയില്‍ വില, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ ഒറ്റയടിക്ക് 15% വരെ താഴ്ന്നു. യുഎസ് ക്രൂഡ് നിലവില്‍ 96.30 ഡോളറിലും, ബ്രെന്റ് ക്രൂഡ് 94.70 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ഇത് ആഗോളതലത്തില്‍ ഇന്ധനവില കുറയാന്‍ സഹായിക്കുമെന്ന പ്രതീക്ഷ നല്കുന്നു.
ഏഷ്യന്‍ വിപണികളാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. ഇന്ത്യന്‍ വിപണിയും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. യുദ്ധഭീതി നിലനിന്നപ്പോള്‍ നിക്ഷേപകര്‍ ആശ്രയിച്ചിരുന്ന യുഎസ് ഡോളര്‍ ഇടിയുകയും ‘സേഫ് ഹാവന്’ ആയി കരുതിയിരുന്ന സ്വര്‍ണ്ണത്തിന്റെ വിലയില്‍ നേരിയ കുറവുണ്ടാവുകയും ചെയ്തു. ഡോളര്‍ ഇന്‍ഡക്സ് കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 98.83-ല്‍ എത്തി. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന് തുറന്നുകൊടുക്കുമെന്ന ഉറപ്പ് വിപണിയില്‍ വലിയ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. ഇത് ആഗോള സപ്ലൈ ചെയിനിലെ തടസ്സങ്ങള്‍ നീക്കാന്‍ സഹായിക്കും.
വിപണി ഇപ്പോള്‍ ആവേശത്തിലാണെങ്കിലും, ഇതൊരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. രണ്ടാഴ്ചത്തെ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വിപണി വീണ്ടും കടുത്ത ആഘാതത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ലോകം മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍ക്കൊടുവില്‍ ഇറാന് വിഷയത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഊര്‍ജ്ജ-ഗതാഗത മേഖലകളെ തകര്‍ക്കുന്ന രീതിയിലുള്ള വമ്പന്‍ ആക്രമണം നടത്തുമെന്ന അമേരിക്കന്‍ അന്ത്യശാസനം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് സമാധാന ചര്‍ച്ചകള്‍ക്കായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ട്രംപ് സമ്മതിച്ചത്. ഇതോടെ യുഎസും ഇറാനും തമ്മില്‍ ഒരു സമാധാന കരാറിലേക്ക് ഏകദേശം എത്തിയതായും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
‘ഒരു നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കും’ എന്ന ട്രംപിന്റെ ഞെട്ടിക്കുന്ന ഭീഷണിക്ക് പിന്നാലെയാണ് ഇറാന് വഴങ്ങിയതെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തല്‍. ഹോര്‍മുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ കപ്പല്‍ ഗതാഗതം അനുവദിക്കാമെന്ന് ഇറാന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ ജലപാതയുടെ നിയന്ത്രണാധികാരം തങ്ങള്‍ക്കാണെന്ന നിലപാടില്‍ ഇറാന് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയൊരു യുദ്ധത്തിലേക്ക് നീങ്ങാതെ താല്‍ക്കാലികമായി മുഖം രക്ഷിക്കാനുള്ള അവസരമായാണ് ഈ വെടിനിര്‍ത്തല്‍ വിലയിരുത്തപ്പെടുന്നത്.
സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിഞ്ഞതോടെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തിയത് വിപണിയില്‍ ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. യുഎസ് ഓഹരി വിപണിയിലും വലിയ മുന്നേറ്റമാണ് ദൃശ്യമായത്. യുദ്ധഭീതി ഒഴിഞ്ഞത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഒരു രാജ്യത്തെ നാഗരികതയെ മുഴുവന്‍ ഇല്ലാതാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ അമേരിക്കയ്ക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ ട്രംപിന്റെ മാനസിക നിലയെ ചോദ്യം ചെയ്തപ്പോള്‍, സ്വന്തം പാര്‍ട്ടിയിലുള്ള ചില റിപ്പബ്ലിക്കന്‍ നേതാക്കളും പ്രസിഡന്റിന്റെ വാക്കുകള്‍ അതിരുകടന്നതാണെന്ന് അഭിപ്രായപ്പെട്ടു. ‘ഇത് നമ്മുടെ നയമല്ല’ എന്നാണ് പല പ്രമുഖ നേതാക്കളും പ്രതികരിച്ചത്.
രണ്ടാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ സ്ഥിരമായ ഒരു സമാധാന കരാറിലേക്ക് എത്താന്‍ സാധിക്കൂ. ഇറാന്റെ പത്ത് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പദ്ധതി യുഎസ് അംഗീകരിക്കുമോ എന്നതാണ് വരും ദിവസങ്ങളില്‍ ലോകം ഉറ്റുനോക്കുന്നത്. മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റവും ഉപരോധങ്ങള്‍ നീക്കുന്നതും അടക്കമുള്ള ഇറാന്റെ ആവശ്യങ്ങള്‍ ട്രംപ് അംഗീകരിക്കുന്നത് അത്ര എളുപ്പമാകില്ല. തല്ക്കാലം യുദ്ധം ഒഴിവായെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സ്ഥിതി വീണ്ടും വഷളാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘നീ ജയിലില്‍ പോയേനെ, ഞാന്‍ നിന്റെ —– രക്ഷിക്കുകയാണ്’; നെതന്യാഹുവിനോട് കയര്‍ത്ത് ട്രംപ്; പുകഞ്ഞ് യുഎസ്-ഇസ്രായേല്‍ തര്‍ക്കം





