‘നീ ജയിലില്‍ പോയേനെ, ഞാന്‍ നിന്റെ —– രക്ഷിക്കുകയാണ്’; നെതന്യാഹുവിനോട് കയര്‍ത്ത് ട്രംപ്; പുകഞ്ഞ് യുഎസ്-ഇസ്രായേല്‍ തര്‍ക്കം

വാഷിംഗ്ടണ്‍/ടെല്‍ അവീവ്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ തിങ്കളാഴ്ച രാത്രി നടന്ന ഫോണ്‍ സംഭാഷണത്തില്‍ കടുത്ത വാഗ്വാദവും അസഭ്യവര്‍ഷവും ഉണ്ടായതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഇറാനുമായി യുഎസ് ചര്‍ച്ച ചെയ്യുന്ന സമാധാന കരാറിന് ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ തടസ്സമാകുന്നു എന്ന ട്രംപിന്റെ കോപമാണ് ഫോണ്‍ കോളില്‍ പൊട്ടിത്തെറിയായി മാറിയത്. ‘നീ എന്താണ് ഈ കാണിക്കുന്നത്? ‘ എന്ന് ചോദിച്ച ട്രംപ്, ‘ഞാനില്ലായിരുന്നെങ്കില്‍ നീയിപ്പോള്‍ ജയിലില്‍ കിടന്നേനെ, ഞാന്‍ നിന്നെ രക്ഷിക്കുകയാണ്, ഇപ്പോള്‍ ലോകം മുഴുവന്‍ ഇസ്രായേലിനെ വെറുക്കുന്നു,’ എന്ന് നെതന്യാഹുവിനോട് ആക്രോശിച്ചതായാണ് ആക്‌സിയോസ് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ഇസ്രായേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇരുവരും തമ്മിലുള്ള കടുത്ത തര്‍ക്കത്തിന് കാരണം പരസ്പരമുള്ള സോഷ്യല്‍ മീഡിയ സന്ദേശങ്ങളാണ്. ഇസ്രായേല്‍ പൂര്‍ണ്ണമായ യുദ്ധവുമായി മുന്നോട്ട് പോകുകയാണെന്ന് നെതന്യാഹു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ട്രംപും, എന്നാല്‍ ട്രംപ് പൂര്‍ണ്ണമായ വെടിനിര്‍ത്തലിനാണ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് നെതന്യാഹുവും പരസ്പരമുള്ള പോസ്റ്റുകളിലൂടെ വ്യക്തമാക്കുന്നു എന്ന് ഇരുവരും ആരോപിച്ചു. ഇസ്രായേലിന്റെ ആഗോള നിലപാടുകളെ പ്രതിരോധിക്കുന്നത് അമേരിക്കയ്ക്ക് കഠിനമായിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഒടുവില്‍, തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ആക്രമണം ഉണ്ടാകാത്തപക്ഷം ബെയ്‌റൂട്ടിനെ ആക്രമിക്കില്ലെന്ന ധാരണയിലാണ് ഫോണ്‍ കോള്‍ അവസാനിച്ചത്.
ഫോണ്‍ കോളിന് തൊട്ടുപിന്നാലെ ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലൂടെ ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായതായി പ്രഖ്യാപിച്ചു. ‘ഞാന്‍ ബിബിയോട് (നെതന്യാഹു) സംസാരിച്ചു, ബെയ്‌റൂട്ടിലേക്ക് വലിയൊരു ആക്രമണത്തിന് മുതിരരുതെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ സൈന്യത്തെ തിരിച്ചുവിളിച്ചു. താങ്ക് യു ബിബി!’ എന്നാണ് ട്രംപ് കുറിച്ചത്. ഹിസ്ബുള്ളയും ഇസ്രായേലിനെ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ നെതന്യാഹുവിന്റെ ീളളശരല ഈ വെടിനിര്‍ത്തല്‍ വാദങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തി. ഹിസ്ബുള്ള തങ്ങളുടെ നഗരങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ബെയ്‌റൂട്ടിലെ ഭീകരകേന്ദ്രങ്ങളെ ഇസ്രായേല്‍ ശക്തമായിത്തന്നെ ആക്രമിക്കുമെന്ന് ട്രംപിനോട് വ്യക്തമാക്കിയതായാണ് നെതന്യാഹു അറിയിച്ചത്.
ട്രംപ് നെതന്യാഹുവിനെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന വാര്‍ത്തകള്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശക്തമായി നിഷേധിച്ചു. ട്രംപ് ഒരിക്കലും ജയിലിനെക്കുറിച്ചോ, ആഗോളതലത്തില്‍ നെതന്യാഹുവിനെ ജനങ്ങള്‍ വെറുക്കുന്നു എന്നതിനെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. എന്നാല്‍, വൈറ്റ് ഹൗസും ഇറാനും തമ്മില്‍ നടക്കാനിരിക്കുന്ന താല്‍ക്കാലിക സമാധാന കരാറിനെ ഇസ്രായേല്‍ അട്ടിമറിക്കുമോ എന്ന ആശങ്കയാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
മൂന്ന് മാസത്തിലേറെയായി തുടരുന്ന യുഎസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള താല്‍ക്കാലിക കരാറിന്റെ അന്തിമ രൂപരേഖ ഇറാന്‍ ഭരണകൂടം പരിശോധിച്ചുവരികയാണെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ കരാര്‍ ഒപ്പിടുമെന്നും, ഇതോടെ ഏപ്രിലില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നീട്ടാനും നിലവില്‍ അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് (ടൃേമശ േീള ഒീൃാൗ്വ) വീണ്ടും തുറക്കാനും സാധിക്കുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ മുന്‍കാല ചരിത്രവും വിശ്വസ്തതക്കുറവും കാരണം ഇറാന്‍ ഈ കരാറിനോട് വളരെ കര്‍ശനമായ സമീപനമാണ് സ്വീകരിക്കുന്നത്.
യുഎസ്-ഇറാന്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് ഇന്ന് തുറക്കാന്‍ ധാരണയായാല്‍ പോലും അത് പൂര്‍ണ്ണ സജ്ജമാകാന്‍ കുറഞ്ഞത് 6 മുതല്‍ 8 മാസം വരെ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (കഋഅ) ഉദ്യോഗസ്ഥയായ തോറില്‍ ബോസോണി ലണ്ടനില്‍ നടന്ന കോണ്‍ഫറന്‍സില്‍ മുന്നറിയിപ്പ് നല്‍കി. വരാനിരിക്കുന്ന വേനല്‍ക്കാല ഡിമാന്‍ഡിന് മുന്നോടിയായി ആഗോള എണ്ണ ശേഖരം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയേക്കാം. അടിയന്തരമായി എണ്ണ ശേഖരം വിപണിയിലെത്തിക്കുന്നത് താല്‍ക്കാലിക പരിഹാരം മാത്രമാണെന്നും, വിതരണത്തിലെ വന്‍ നഷ്ടം നികത്താന്‍ ഉപഭോഗം കുറയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അവര്‍ വ്യക്തമാക്കി.
മാര്‍ച്ച് 2-ന് ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചതുമുതല്‍ ഇതുവരെ ലെബനനില്‍ 3,400-ലധികം ആളുകള്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതേ കാലയളവില്‍ 24 ഇസ്രായേല്‍ സൈനികരും 4 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും കഴിഞ്ഞ ആഴ്ചകളിലും ഇസ്രായേലും ഇറാനും തമ്മില്‍ മിസൈല്‍ ആക്രമണങ്ങള്‍ കൈമാറിയിരുന്നു. ട്രംപിന്റെ നയതന്ത്ര നീക്കങ്ങളെ മറികടന്ന് നെതന്യാഹു ലെബനനില്‍ വീണ്ടും വലിയൊരു സൈനിക നീക്കത്തിന് മുതിരുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.