ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലെ (എഫ്.ഐ.ആര്‍) ഗുരുതരമായ പിഴവുകള്‍ വിവാദമാകുന്നു. 2021-ല്‍ നടന്ന ശസ്ത്രക്രിയ ഇനിയും വരാനിരിക്കുന്ന 2026 മെയ് മാസത്തിലാണ് നടന്നതെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് പോലീസിന് വലിയ നാണക്കേടായി. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നും എഫ്.ഐ.ആറിലെ പിഴവുകള്‍ തിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പോലീസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
മനുഷ്യസഹജമായ ടൈപ്പിംഗ് പിഴവാണ് തീയതിയുടെ കാര്യത്തില്‍ സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം. എങ്കിലും, അതീവ ജാഗ്രതയോടെ തയ്യാറാക്കേണ്ട നിയമപരമായ രേഖയില്‍ ഇത്തരം അശ്രദ്ധകള്‍ പാടില്ലെന്നും ചെറിയ പിഴവുകള്‍ പോലും ഇല്ലാതെ വേണം എഫ്.ഐ.ആറുകള്‍ തയ്യാറാക്കാന്‍ എന്നും പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കും.
തീയതിയിലെ പിഴവിനേക്കാള്‍ ഉപരിയായി പ്രതിപ്പട്ടികയിലെ അപാകതകളാണ് കേസിനെ ദുര്‍ബ്ബലപ്പെടുത്തുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസര്‍ ധന്യയെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടും പോലീസ് ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ശസ്ത്രക്രിയയില്‍ നേരിട്ട് പങ്കാളിയാകാത്ത, വിരമിച്ച ഡോ. ലളിതാംബികയെ മാത്രമാണ് പ്രതിയാക്കിയിരിക്കുന്നത്. ശസ്ത്രക്രിയ നടന്ന യൂണിറ്റിന്റെ മേധാവി എന്ന നിലയിലാണ് ഇവരെ ഉള്‍പ്പെടുത്തിയതെങ്കിലും, യഥാര്‍ത്ഥത്തില്‍ വീഴ്ച വരുത്തിയവരെ ഒഴിവാക്കുന്നത് പ്രതികള്‍ക്ക് കോടതിയില്‍ രക്ഷപ്പെടാന്‍ പഴുതൊരുക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗിയായ ഉഷ ജോസഫിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അമ്പലപ്പുഴ പോലീസാണ് കേസെടുത്തത്. ബിഎന്‍എസ് 125, 125(എ) വകുപ്പുകള്‍ പ്രകാരം ചുമത്തിയിരിക്കുന്ന കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആക്ഷേപം ശക്തമായതോടെയാണ് പോലീസ് നടപടി കടുപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിലെ വീഴ്ചയില്‍ അന്വേഷണം നടത്തിയ വിദഗ്ദ്ധ സമിതി ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെയും പോലീസിന്റെ തിരുത്തിയെഴുതിയ എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും വരും ദിവസങ്ങളിലെ നിയമനടപടികള്‍.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ അമ്പലപ്പുഴ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ (FIR) ഗുരുതരമായ വീഴ്ചകളുടെയും ദുരൂഹതകളുടെയും പട്ടികയായി മാറുകയാണ്. കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണത്തിന് ആക്കം കൂട്ടുന്ന മൂന്ന് പ്രധാന കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
1. പ്രതിപ്പട്ടികയിലെ വിവേചനം: സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ പുറത്ത്, പങ്കില്ലാത്തവര്‍ അകത്ത്
ശസ്ത്രക്രിയയില്‍ നേരിട്ട് പങ്കെടുത്ത ഡോ. ഷാഹിദ, നഴ്സിംഗ് ഓഫീസര്‍ ധന്യ എന്നിവരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍, പോലീസിന്റെ എഫ്.ഐ.ആറില്‍ ഇവരാരും പ്രതികളല്ല. പകരം, ശസ്ത്രക്രിയയില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന മുന്‍ യൂണിറ്റ് ചീഫ് ഡോ. ലളിതാംബികയെ മാത്രമാണ് പ്രതിയാക്കിയിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥയെ മാത്രം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപം ശക്തമാണ്.
2. സമയക്രമത്തിലെ പാകപ്പിഴകളും അജ്ഞാതരായ പ്രതികളും
ഫെബ്രുവരി 20-ന് രാത്രി 8:56-നാണ് ഇന്‍സ്പെക്ടര്‍ പ്രതീഷ് കുമാര്‍ എം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ശസ്ത്രക്രിയ നടത്തിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും പുറത്തുവിട്ടിരുന്നു. പ്രതികളെ കൃത്യമായി അറിയാമായിരുന്നിട്ടും, പ്രതിപ്പട്ടികയില്‍ ‘കണ്ടാലറിയാവുന്ന മറ്റുള്ളവര്‍’ എന്നൊരു പരാമര്‍ശം പോലും ഉള്‍പ്പെടുത്താന്‍ പോലീസ് തയ്യാറായില്ല എന്നത് ദുരൂഹമാണ്.
3. ഭാവിയില്‍ നടക്കാന്‍ പോകുന്ന ശസ്ത്രക്രിയ! തീയതിയിലെ അതിവിചിത്ര വൈരുദ്ധ്യം
എഫ്.ഐ.ആറിലെ ഏറ്റവും വിചിത്രമായ പിഴവ് കുറ്റകൃത്യം നടന്ന തീയതിയെ സംബന്ധിച്ചുള്ളതാണ്. 2021 മെയ് 12-നാണ് ശസ്ത്രക്രിയ നടന്നതെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുമ്പോള്‍, പോലീസിന്റെ എഫ്.ഐ.ആറിലെ വിവരണത്തില്‍ കുറ്റകൃത്യം നടന്ന തീയതി രേഖപ്പെടുത്തിയിരിക്കുന്നത് 05/05/2026 എന്നാണ്. അതായത് ഇനിയും വരാനിരിക്കുന്ന ഒരു തീയതിയില്‍ ശസ്ത്രക്രിയ നടന്നു എന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ടൈപ്പിംഗ് പിഴവ് എന്നതിലുപരി, കോടതിയില്‍ ഈ എഫ്.ഐ.ആര്‍ നിലനില്‍ക്കാതിരിക്കാനും പ്രതികള്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാനും വഴിമരുന്നിടുന്ന ഗുരുതരമായ അലംഭാവമാണിത്.
കേരള പോലീസിന് തന്നെ വലിയ നാണക്കേടുണ്ടാക്കിയ ഈ എഫ്.ഐ.ആര്‍ പിഴവില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എങ്കിലും, ഒരു സാധാരണക്കാരന്റെ ജീവന് ഭീഷണിയായ ഗുരുതരമായ വീഴ്ചയില്‍ പോലീസ് കാണിക്കുന്ന ഈ അശ്രദ്ധ ഭരണകൂടത്തിന് നേരെ വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലേക്ക്? ദ്വാരപാലക ശില്പങ്ങള് മുക്കിയതില്‍ നേരിട്ട് ഇടപെട്ടു; സ്പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ചത് കൊള്ള മറയ്ക്കാന്‍; എസ്ഐടി കുരുക്ക് മുറുക്കുന്നു



