ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍. ആശുപത്രിയിലെ ജീവനക്കാരുടെ കുറവും പ്രോട്ടോക്കോള്‍ പാലിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ച സിസ്റ്റത്തിലെ പിഴവുമാണ് സംഭവത്തിന് കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കൈമാറും.
ശസ്ത്രക്രിയ സമയത്തെ സര്‍ജന്‍സ് നോട്ട് കൃത്യമാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കിടെ ഉപകരണങ്ങള്‍ എല്ലാം ഉണ്ടോ എന്ന് ഡോക്ടര്‍ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉപകരണങ്ങള്‍ കൃത്യമാണെന്ന മറുപടി ലഭിച്ച ശേഷമാണ് തുന്നലുകള്‍ ഇട്ടത്. ഉഷയുടെ ശസ്ത്രക്രിയയ്ക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് കൂടി ജോലി ചെയ്യേണ്ടി വന്നതായി നഴ്സ് മൊഴി നല്‍കിയിട്ടുണ്ട്. ഈ ജോലിഭാരവും പരിമിതമായ സൗകര്യങ്ങളുമാണ് പിഴവിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടിലെ (എഫ്.ഐ.ആര്) ഗുരുതരമായ പിഴവുകള്‍ തിരുത്താന്‍ നടപടി തുടങ്ങി. 2021-ല്‍ നടന്ന ശസ്ത്രക്രിയ 2026 മെയ് മാസത്തിലാണ് നടന്നതെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇത് വെറും ടൈപ്പിംഗ് പിഴവാണെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് തല്ക്കാലം താക്കീത് നല്‍കാനാണ് നീക്കം.
ആരോഗ്യവകുപ്പിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. ജെ. ഷാഹിദയെ കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചു. നേരത്തെ ശസ്ത്രക്രിയയില്‍ നേരിട്ട് പങ്കെടുക്കാത്ത ഡോ. ലളിതാംബികയെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. ഇത് നിയമപരമായി തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇപ്പോള്‍ ഡോ. ഷാഹിദയെ കൂടി ഉള്‍പ്പെടുത്തുന്നത്. ഡോ ലളിതാംബികയെ പ്രതിസ്ഥാനത്ത് നിന്നും മാറ്റും. അവര്‍ ശസ്ത്രക്രിയയില്‍ പങ്കാളിയാകാത്ത സാഹചര്യത്തിലാണ് ഇത്.
ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ ഒന്‍പത് പേരുണ്ടായിരുന്നുവെന്ന് ചികിത്സാ രേഖകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. അന്വേഷണത്തിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഡി.എം.ഒയ്ക്ക് പോലീസ് അപേക്ഷ നല്കി. പുറത്തെടുത്ത കത്രികയുടെ കാലപ്പഴക്കം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തും. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഉഷയുടെ ആരോഗ്യനില തൃപ്തികരമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മുഖ്യമന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ്! ജീവനക്കാർക്ക് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ്! ജീവനക്കാർക്ക് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി






