ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിൽ പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന് നേരിടേണ്ടി വന്നത് അഞ്ചുവർഷത്തെ കൊടും വേദന. അഞ്ച് വർഷം മുൻപ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നുവെക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ലാബിൽ നടത്തിയ എക്സറേ പരിശോധനയിലാണ് വയറ്റിൽ ലോഹവസ്തു ഇരിക്കുന്നത് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ അഞ്ചുവർഷമായി കടുത്ത വയറുവേദന സഹിച്ച് കഴിയുകയായിരുന്നു ഉഷാ ജോസഫ്.
ദേശീയ തലത്തിൽ വെള്ളി തിളക്കവുമായി കേരള പോലീസിന്റെ ‘ആനി’; ഡ്യൂട്ടി മീറ്റിൽ കേരളത്തിന് ഇരട്ട നേട്ടം
പലതവണ വയറുവേദന അനുഭവപ്പെട്ടപ്പോൾ ചികിത്സ തേടിയിരുന്നെങ്കിലും അന്ന് പരിശോധനകളിൽ ഈ പിഴവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വേദന അസഹനീയമായപ്പോഴാണ് ഉഷ എക്സറേ എടുത്തുനോക്കിയത്. വയറ്റിൽ കത്രികയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വണ്ടാനം മെഡിക്കൽ കോളേജിൽ തന്നെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തി. വരും തിങ്കളാഴ്ച അഡ്മിറ്റാകാനും ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്നുമാണ് ആശുപത്രി അധികൃതർ നിലവിൽ അറിയിച്ചിരിക്കുന്നത്.
എന്നാൽ, തനിക്ക് ഈ നിലയിൽ ദുരിതം സമ്മാനിച്ച വണ്ടാനം മെഡിക്കൽ കോളേജിൽ ഇനിയൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ഭയമാണെന്ന് ഉഷാ ജോസഫ് കണ്ണീരോടെ പറയുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം വലിയ വീഴ്ചകൾ സാധാരണക്കാരായ രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. വിഷയത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ അന്വേഷണം വേണമെന്നും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായി കേരള ടൂറിസത്തിന്റെ പരസ്യം : “ബ്രേക്ക് എടുക്കണോ കിറ്റ്കാറ്റ് വേണമെന്നില്ല കേരളത്തിലേക്ക് വരൂ “






