ധർമശാല (കണ്ണൂർ): കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി. ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ സമാപന വേദിയിൽ മൈക്കിനുണ്ടായ സാങ്കേതിക തകരാറിനോട് തമാശരൂപേണ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗം തുടങ്ങിയപ്പോൾ തന്നെ മൈക്കിൽ നിന്ന് അപശബ്ദം ഉയർന്നതോടെ സംഘാടകർ പരിഭ്രാന്തരായെങ്കിലും, “മൈക്ക് സാധാരണ ഞാനുണ്ടാകുമ്പോൾ കളിക്കുന്ന കളിയാണ്, അത് നേരത്തേതന്നെ തുടങ്ങിയതാണ്” എന്ന മുഖ്യമന്ത്രിയുടെ കമന്റ് സദസ്സിൽ വലിയ ചിരി പടർത്തി. മുഖ്യമന്ത്രിയുടെ ഈ ശാന്തമായ പ്രതികരണം സംഘാടകർക്കും ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസമായി.
വിവിധ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് സംസാരിക്കുമ്പോഴാണ് മൈക്കിൽ നിന്നുള്ള ചിലമ്പൽ ശബ്ദം വർദ്ധിച്ചത്. എന്നാൽ മുൻകാലങ്ങളിൽ മൈക്കിനോട് പ്രകോപിതനായിട്ടുള്ള രീതിയിൽ നിന്ന് മാറി, ഇത്തവണ ശബ്ദം കുറയുന്നതുവരെ ക്ഷമയോടെ കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്. പ്രസംഗത്തിനിടെ പലതവണ തടസ്സങ്ങൾ ഉണ്ടായെങ്കിലും അത് കാര്യമാക്കാതെ അദ്ദേഹം തന്റെ വാക്കുകൾ പൂർത്തിയാക്കി. മുൻപ് പല പൊതുവേദികളിലും മൈക്ക് ഓപ്പറേറ്റർമാരോട് മുഖ്യമന്ത്രി കയർത്തു സംസാരിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിട്ടുള്ള പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഈ മാറ്റം ശ്രദ്ധിക്കപ്പെടുന്നത്.
സ്വരാജ് ട്രോഫി, മഹാത്മ അയ്യങ്കാളി പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം തുടങ്ങിയവയുടെ വിതരണ ചടങ്ങാണ് മാങ്ങാട്ടുപറമ്പിൽ നടന്നത്. മുഖ്യമന്ത്രിയെക്കൂടാതെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. മൈക്കിന്റെ തകരാർ പരിഹരിക്കാൻ സാങ്കേതിക പ്രവർത്തകർ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെയുണ്ടായ ശബ്ദതടസ്സത്തെ നർമ്മത്തോടെ നേരിട്ട മുഖ്യമന്ത്രിയുടെ ശൈലി സദസ്സിൽ കൗതുകമുണർത്തി.
സീറ്റ് നിഷേധിക്കപ്പെട്ടവർക്ക് അർഹമായ പദവി; സ്ഥാനാർത്ഥികൾ എല്ലാവരും ‘എന്റെ ആളുകൾ’ എന്ന് കെ.സി. വേണുഗോപാൽ


ജെന്‍സി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ റാപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ; ഒരു വോട്ട് മതി കളി മാറി മറിയാന്‍ റാപ്പ് സോഷ്യല്‍ മീഡീയയില്‍ വൈറല്‍





