ആഴിമലയിലെ ഗംഗാധരേശ്വരന് പിന്നാലെ ആറ്റുകാലിൽ കണ്ണകി ശിൽപം; ശില്പി ദേവദത്തൻ വീണ്ടും വിസ്മയമൊരുക്കുന്നു

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ ദേവീക്ഷേത്രത്തിനു മുന്നിൽ ഒറ്റ ചിലമ്പുമായി നിൽക്കുന്ന കണ്ണകിയുടെ ശിൽപം ഒരുങ്ങുന്നു. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശിൽപം നിർമിക്കുക. ശില്പനിർമ്മാണത്തിനുള്ള പൂജ കഴിഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
നിലവിൽ വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്താണ് ശില്പം ഉയരുക.നിർമ്മാണത്തിന്റെ മുന്നോടിയായി ഈ ഭാഗം പ്രത്യേകം ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. കോൺക്രീറ്റ് ശിൽപമാണ് നിർമിക്കുന്നത്. ശില്പത്തിന് 60 അടി ഉയരമുണ്ടാകും.
വിഴിഞ്ഞം പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ 58 അടി ഉയരമുള്ള ഗംഗാധരേശ്വര ശിൽപം നിർമിച്ച് രാജ്യാന്തര പ്രശസ്തി നേടിയ ശില്പി ദേവദത്തനാണ്‌ ഈ കണ്ണകി ശിൽപവും ഒരുക്കുക. 225 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ  ഉദ്ദേശിക്കുന്ന ശില്പനിർമ്മാണത്തിന് 3.5 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കു കൂട്ടിയിട്ടുള്ളത്. ശില്പ നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ വിശ്വാസചരിത്രത്തിന്റെ ഭാഗമാണ് കണ്ണകിയും. പാർവതീദേവിയുടെ അവതാരമായ കണ്ണകി മധുര നഗരം ദഹിപ്പിച്ചതിനു ശേഷം കേരളത്തിൽ എത്തിയെന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേ ആറ്റുകാലിൽ തങ്ങിയെന്നുമാണ് വിശ്വാസം.
ആറ്റുകാൽ ദേവിയുടെ ഐത്യഹ്യം പറയുന്ന ഒരു മ്യൂസിയം ഇവിടെ സ്ഥാപിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനായി നിലവിലുള്ള വെടിവഴിപാട് പുര പൊളിച്ചു മറ്റൊരിടത്തേയ്ക്കു മാറ്റി സ്ഥാപിച്ചു കഴിഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.