കണ്ണൂര്‍ : മാലമോഷണക്കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കിയ ചക്കരക്കല്‍ പോലീസിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. 54 ദിവസം അന്യായമായി ജയിലില്‍ കഴിയേണ്ടി വന്ന കൂത്തുപറമ്പ് സ്വദേശി താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു.
2018 ജൂലൈയില്‍ വഴിയില്‍ കുടുങ്ങിയ പോലീസ് ജീപ്പ് തളളാന്‍ സഹായിക്കാതെ കാറില്‍ നിന്നിറങ്ങാതിരുന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. നടുവേദന കാരണമാണ് താജുദ്ദീന് പുറത്തിറങ്ങാതിരുന്നത്.
സിസിടിവി ദൃശ്യത്തിലെ ചില സാമ്യം മാത്രം വെച്ച് മാലമോഷണക്കേസില്‍ താജുദ്ദീനെ പ്രതിയാക്കി. ഖത്തറില്‍ നിന്ന് വെറും 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്. എന്നാല്‍ കള്ളക്കേസില്‍ കുടുങ്ങി 54 ദിവസം ജയിലില്‍ കഴിയേണ്ടി വന്നതോടെ ഗള്‍ഫിലെ ജോലി നഷ്ടമായി. ജാമ്യം ലഭിച്ച് തിരികെ ഖത്തറില്‍ എത്തിയെങ്കിലും നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ‘അബ്സ്കോണ്ടിങ്’ആണെന്ന് കാണിച്ച് അവിടെയും 23 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. ഇത് അദ്ദേഹത്തെ വലിയ സാമ്പത്തിക, മാനസിക തകര്‍ച്ചയിലേക്കാണ് എത്തിച്ചത്.
കൊല്ലം ആശ്രാമം മർദ്ദനക്കേസ്: പ്രതി ശ്യാംകുമാർ റിമാൻഡിൽ; ചുമത്തിയത് പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
താന്‍ നിരപരാധിയാണെന്നും മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി പുറത്തുപോയതാണെന്നും താജുദ്ദീന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ മോഷണം നടന്ന സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്ന് തെളിയുമെന്ന് അദ്ദേഹം പോലീസിനോട് അപേക്ഷിച്ചു. എന്നാല്‍ ഈ ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ് മുതിര്‍ന്നില്ല.
ഹൈക്കോടതി ഉത്തരവ്
ഒരു കോടി രൂപയാണ് താജുദ്ദീന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. കേവലം സംശയത്തിന്റെ പേരില്‍ ഒരു പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍ 14 ലക്ഷം രൂപ കൈമാറണം.കോടതി ചെലവായ 25,000 രൂപയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.


കേരള മുസ്ലിം ജമാഅത്ത്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസിഡന്റ്, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ജനറൽ സെക്രട്ടറി





