പത്തനംതിട്ട: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം . കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നടൻ മോഹൻലാലിന്റെയും മൊഴിയെടുക്കും. ഈ ആഴ്ച തന്നെ സ്വർണ്ണം നൽകിയ പ്രമുഖരുടെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രൺജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ, സംവിധായകൻ ഷാജി കൈലാസ് എന്നിവർ മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
2017-ൽ നടന്ന കൊടിമര പുനഃപ്രതിഷ്ഠാ സമയത്ത് 27 പേരാണ് ഔദ്യോഗികമായി സ്വർണ്ണം നൽകിയതെന്നാണ് രേഖകൾ പറയുന്നത്. എന്നാൽ, രേഖകളിൽ ഉള്ളതിനേക്കാൾ കൂടുതൽ പേർ സ്വർണ്ണം നൽകിയിട്ടുണ്ടെന്നും ഇത്തരത്തിൽ ലഭിച്ച സ്വർണ്ണത്തിന്റെ അളവിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. പ്രമുഖർ നൽകിയ സ്വർണ്ണം കൃത്യമായി കൊടിമരത്തിൽ ഉപയോഗിച്ചിട്ടുണ്ടോ എന്നും അളവിൽ വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും കണ്ടെത്താനാണ് വിജിലൻസ് ശ്രമിക്കുന്നത്. നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ് പരിശോധിക്കാൻ വിജിലൻസ് ഉടൻ നടപടി തുടങ്ങും.
വിജിലൻസ് ഡിവൈഎസ്പി സി.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 2014-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എം.പി. ഗോവിന്ദൻ നായർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെയാണ് കൊടിമരം മാറ്റാൻ തീരുമാനിച്ചത്. തുടർന്ന് 2017-ൽ പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ തീരുമാനം നടപ്പിലാക്കിയത്.
അർജുൻ ആയങ്കി കൊച്ചിയിൽ കരുതൽ തടങ്കലിൽ; വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കോതമംഗലം പോലീസ് പിടികൂടി


പോളിങ് ബൂത്തിൽ ചട്ടലംഘനം: കെ. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവമോർച്ച





