ഷഹനാസ് എം.എ വ്യാജ ഐഎഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയോ? യുപിഎസ്‌സിക്ക് പരാതി നൽകിയെന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.

തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ പ്രസാധക ഷഹനാസ് എം.എയ്ക്കെതിരെ വ്യാജ ഐഎഎസ് ആരോപണവുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ഷഹനാസ് വ്യാജ ഐഎഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുപിഎസ്‌സി (UPSC) ചെയർമാന് പരാതി നൽകിയതായി ശ്രീനാദേവി ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. 2014-ലെ സിവിൽ സർവീസ് പരീക്ഷാഫലം പരിശോധിച്ച് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വേണമെന്നാണ് ഇവരുടെ ആവശ്യം.

ഷഹനാസിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ഗൗരവകരമായ ചോദ്യങ്ങൾക്ക് അവർ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ശ്രീനാദേവി ആരോപിക്കുന്നു. “ഐഎഎസ് ലഭിച്ചുവെന്ന് നുണ പറഞ്ഞില്ലേ” എന്ന ചോദ്യത്തിന് മെഹന്ദി ഇടുന്ന ചിത്രവും, “രണ്ട് ഐഡി കാർഡുകൾ ഇല്ലേ” എന്ന ചോദ്യത്തിന് ബീച്ചിലിരുന്ന് കുമിള വിടുന്ന വീഡിയോയുമാണ് ഷഹനാസ് മറുപടിയായി നൽകുന്നതെന്ന് ശ്രീനാദേവി പരിഹസിച്ചു. നിയാസ് മലബാറി എന്ന വ്യക്തി ഉന്നയിക്കുന്ന ആരോപണങ്ങളെ ഖണ്ഡിക്കാൻ ഷഹനാസിന്റെ പക്കൽ തെളിവുകളില്ലാത്തതിനാലാണ് അവർ നിശബ്ദത പാലിക്കുന്നതെന്നും ശ്രീനാദേവി കുറിപ്പിൽ പറയുന്നു. എഴുത്തുകാരൻ വി.ആർ. സുധീഷിനെതിരെ ഷഹനാസ് ഉന്നയിച്ച മീടൂ ആരോപണം വ്യാജമാണെന്നും അവർക്കെതിരെ കോടതി വാറണ്ട് ഉണ്ടെന്നും ശ്രീനാദേവി ആരോപിച്ചു.

എന്നാൽ, ശ്രീനാദേവിയുടെ ആരോപണങ്ങളെ തികഞ്ഞ പരിഹാസത്തോടെയാണ് ഷഹനാസ് നേരിട്ടത്. “അമ്മായിയുടെ കുത്സിതങ്ങൾക്ക് കാതോർക്കാതെ കുറച്ച് തിരയെണ്ണാം” എന്ന് കുറിച്ചുകൊണ്ട് കോഴിക്കോട് ബീച്ചിൽ നിന്നുള്ള വീഡിയോ ഷഹനാസ് പങ്കുവെച്ചു. “തിര നമ്പർ 1… കല്യാണം കൂടാൻ വിളിക്കണേ… തൊട്ര പാക്കലാം” (തൊട്ടുനോക്ക് കാണാം) എന്ന വെല്ലുവിളിയോടെയാണ് ഷഹനാസ് തന്റെ മറുപടി അവസാനിപ്പിച്ചത്. രാഹുൽ മാങ്കുട്ടത്തിലിനെതിരെയുള്ള പരാതിയുമായി ബന്ധപ്പെട്ട തർക്കം ഇപ്പോൾ വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നീങ്ങുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.