പ്രേമചന്ദ്രന് വന്‍ തിരിച്ചടി; ആര്‍.എസ്.പിയില്‍ പിടിമുറുക്കി ഷിബു ബേബി ജോണ്‍; അസീസ്-ഷിബു അച്ചുതണ്ടിന് വിജയം; വിഷ്ണു മോഹന്‍ സമവായ സ്ഥാനാര്‍ത്ഥി

കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ആര്‍.എസ്.പിയില്‍ പുകഞ്ഞ പുത്രവാത്സല്യപ്പോരില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് കനത്ത തിരിച്ചടി. മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് ഇറക്കാനുള്ള പ്രേമചന്ദ്രന്റെ മോഹങ്ങള്‍ക്ക് ഷിബു ബേബി ജോണും എ.എ. അസീസും ചേര്‍ന്ന് തടയിട്ടു. മണിക്കൂറുകള്‍ നീണ്ട നാടകീയമായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ അഡ്വ. വിഷ്ണു മോഹനെ ഇരവിപുരത്തെ സമവായ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയിലെ ഷിബു പക്ഷത്തിന്റെ ആധിപത്യം ഉറപ്പിക്കപ്പെട്ടു.

പാര്‍ട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ.എ. അസീസ് ഷിബു ബേബി ജോണിനൊപ്പം ഉറച്ചുനിന്നത് പ്രേമചന്ദ്രന്‍ പക്ഷത്തിന് വിനയായി. സ്വന്തം കുടുംബത്തിന് വേണ്ടി പാര്‍ട്ടി താല്പര്യങ്ങള്‍ ബലികഴിക്കരുതെന്ന ഷിബു പക്ഷത്തിന്റെ നിലപാടിന് അസീസ് നല്‍കിയ പിന്തുണ നിര്‍ണ്ണായകമായി. രാവിലെ മുതല്‍ നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രേമചന്ദ്രനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒടുവില്‍ മകന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി വാദിച്ച പ്രേമചന്ദ്രന് പരാജയം സമ്മതിച്ച് പിന്മാറേണ്ടി വന്നു.
‘പുത്രവാത്സല്യം വേണ്ട, പാര്‍ട്ടി കെട്ടുറപ്പാണ് വലുത്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഷിബു ബേബി ജോണ്‍ പക്ഷം പ്രേമചന്ദ്രനെ പ്രതിരോധിച്ചത്. നേതാക്കളുടെ മക്കളെ രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കുന്നത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കുമെന്നും ഇരവിപുരത്ത് കാര്‍ത്തിക്കിനെ പരിഗണിക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും അവര്‍ വാദിച്ചു. തുടര്‍ന്നാണ് ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായ വിഷ്ണു മോഹനെ എല്ലാവര്‍ക്കും സമ്മതനായ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെ ജനവിധി തേടും. കുന്നത്തൂരില്‍ ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂര്‍ മത്സരിക്കും. ആറ്റിങ്ങില്‍ സന്തോഷ് ഭദ്രനും മത്സരിക്കും. മട്ടന്നൂര്‍ സീറ്റിന് പകരം വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലം യു.ഡി.എഫിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ആര്‍.എസ്.പിയിലെ ആഭ്യന്തര കലഹം വഷളാകാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും സജീവമായി ഇടപെട്ടിരുന്നു.തര്‍ക്കങ്ങള്‍ക്ക് താത്കാലിക അറുതിയായെങ്കിലും, എന്‍.കെ. പ്രേമചന്ദ്രനും ഷിബു ബേബി ജോണും തമ്മിലുള്ള അകല്‍ച്ച വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.