കൊല്ലം: ആര്‍എസ്പി എന്ന തറവാട്ടില്‍ ഇപ്പോള്‍ പുകയുന്നത് വെറും കനലല്ല, വന്‍ പൊട്ടിത്തെറിക്കുള്ള വെടിമരുന്നാണ്. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രന്റെ മകന് കാര്‍ത്തിക്കിനെ ഇരവിപുരത്ത് വാഴിക്കാന്‍ നടന്ന നീക്കങ്ങള്‍ക്ക് തടയിട്ട് പാര്‍ട്ടിയുടെ താത്കാലിക അമരക്കാരന് എ.എ. അസീസ് രംഗത്തെത്തിയതോടെ പോര് മുറുകി. ഈ വിഷയത്തില്‍ ഷിബു ബേബി ജോണ്‍ മൗനത്തിലാണ്.
കേരള പോലീസിൽ പുതിയൊരു ദിനം കൂടി; ഫെബ്രുവരി 23 ഇനി ‘എസ്.എസ്.ബി ഡേ’; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
‘ആ പയ്യനല്ലല്ലോ തീരുമാനിക്കുന്നത്’ എന്ന അസീസിന്റെ ഒറ്റവാക്കില്‍ പ്രേമചന്ദ്രന്റെ രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍ പാളുന്ന കാഴ്ചയാണ് കൊല്ലം കാണുന്നത്.
മകനെ പരിഗണിക്കേണ്ടതില്ലെന്ന് പ്രേമചന്ദ്രന് പുറമെ പറയുമ്പോഴും, അണിയറയില്‍ കാര്‍ത്തിക്കിനായി കരുനീക്കങ്ങള്‍ സജീവമായിരുന്നു. കാര്‍ത്തിക് തന്നെ തന്റെ പേര് പരിഗണനയിലുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് അസീസ് ക്ഷോഭിച്ചത്. ‘എന്നാ ഏര്‍പ്പാടാ ഇത്? വേറെ വല്ലതും ചോദിക്ക്’ എന്ന് ആക്രോശിച്ച അസീസ്, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എംപിയുടെ വീട്ടിലല്ല നടക്കുന്നത് എന്ന് പരോക്ഷമായി ഓര്‍മ്മിപ്പിച്ചു.
ലോക്സഭയില്‍ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമടക്കും 8 എം.പിമാര്‍ക്ക് സസ്പെന്ഷന്! സഭയില്‍ കടലാസുകള്‍ കീറിയെറിഞ്ഞു;
തുടര്‍ച്ചയായി രണ്ടുതവണ തോറ്റ ഇരവിപുരം തിരിച്ചുപിടിക്കാന്‍ പ്രേമചന്ദ്രന്റെ മകന് വേണമെന്ന വാദത്തിന്, ‘ആര്വൈഎഫിലെ യുവനേതാവ് വരും’ എന്ന മറുപടിയാണ് അസീസ് നല്‍കിയത്. കുടുംബവാഴ്ച എന്ന ആയുധം എതിരാളികള്‍ക്ക് നല്കാതിരിക്കാനും, പാര്‍ട്ടിക്കുള്ളിലെ തന്റെ ആധിപത്യം ഉറപ്പിക്കാനുമാണ് അസീസ് ലക്ഷ്യമിടുന്നത്. താന്‍ മത്സരരംഗത്തില്ലെന്ന് പ്രഖ്യാപിച്ച അസീസ്, പക്ഷേ ഇരവിപുരത്തെ താക്കോല്‍ തന്റെ കൈയ്യില്‍ തന്നെ ഇരിക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു.
അസീസ് പരസ്യമായി പരിഹസിച്ചിട്ടും പ്രേമചന്ദ്രന് പുലര്‍ത്തുന്ന മൗനം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നുണ്ട്. പക്ഷേ, ഈ മൗനം കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തതയാണോ എന്നാണ് അണിയറയിലെ സംസാരം. ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും പാനല്‍ വരുമ്പോള്‍ കളി മാറുമോ അതോ അസീസ് പക്ഷം ജയിക്കുമോ എന്ന് കണ്ടറിയണം. പ്രേമചന്ദ്രന് ഇനി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമായിരിക്കും. ഷിബു ബേബി ജോണ്‍ ചവറയില്‍ മത്സരിക്കും. ഷിബു ഈ വിഷയത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമായി മാറും.
‘ഇരവിപുരം തന്റെ തട്ടകമാണെന്നും അവിടെ ആര് വേണമെന്ന് തീരുമാനിക്കാന്‍ ഒരു ‘പയ്യന്റെയും’ അനുവാദം വേണ്ടെന്നും അസീസ് വ്യക്തമാക്കിക്കഴിഞ്ഞു. പ്രേമചന്ദ്രന് തന്റെ തട്ടകത്തില്‍ പിടിമുറുക്കുന്നത് തടയാനുള്ള അസീസിന്റെ അവസാന വജ്രായുധമാണിത്.’







