ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള ഏക പോംവഴി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക മാത്രമാണെന്ന് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ രാജ്യസഭാ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ഘട്ടങ്ങളില്‍ സുപ്രീം കോടതി നേരിട്ട് ഇടപെട്ട ഏതെങ്കിലും മുന്‍വിധികള്‍ ഉണ്ടെങ്കില്‍ അത് കാണിക്കാന്‍ ഹര്ജിഭാഗത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, അതുല്‍ എസ്. ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം എത്രതന്നെ തെറ്റാണെങ്കിലും നാമനിര്‍ദ്ദേശ പത്രിക തള്ളിക്കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ നിയമപരമായ പരിഹാരം തേടേണ്ടത് മറ്റ് വേദികളിലാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മീനാക്ഷി നടരാജന്റെ പത്രിക റിട്ടേണിംഗ് ഓഫീസര്‍ അരവിന്ദ് ശര്‍മ്മ തള്ളുകയായിരുന്നു. അഫിഡവിറ്റില്‍ (ഫോം 26) ക്രിമിനല്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയില്ലെന്ന് കാണിച്ചായിരുന്നു നടപടി. തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ മീനാക്ഷി മറച്ചുവെച്ചുവെന്ന് കാണിച്ച് ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റിട്ടേണിംഗ് ഓഫീസറുടെ പരിശോധന.
എന്നാല്‍, മീനാക്ഷി നടരാജന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് സിങ്വി കോടതിയില്‍ ഈ വാദത്തെ ശക്തമായി എതിര്‍ത്തു. ജനപ്രാതിനിധ്യ നിയമപ്രകാരം കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകള്‍ മാത്രമാണ് സ്ഥാനാര്‍ത്ഥി വെളിപ്പെടുത്തേണ്ടത്. മീനാക്ഷിക്കെതിരെയുള്ള കേസില്‍ വെറും സമന്‍സ് മാത്രമാണ് അയച്ചിട്ടുള്ളതെന്നും അത് വെളിപ്പെടുത്തേണ്ട പരിധിയില്‍ വരുന്നതല്ലെന്നും സിങ്വി വാദിച്ചു. റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ കോടതികള്‍ സാധാരണയായി പത്രിക സമര്‍പ്പണ ഘട്ടങ്ങളില്‍ നേരിട്ട് ഇടപെടാറില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഹര്‍ജിക്കാരിയോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇടിച്ചു വീഴ്ത്തിയിട്ടും ഥാര്‍ പിറകോട്ടെടുത്തു; കൊന്നത് മനപ്പൂര്‍വ്വം; കിളിമാനൂരില്‍ ഥാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വിഷ്ണുവിനെതിരെ കൊലക്കുറ്റം ചുമത്തും





