മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ; ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്ത ജയം

Election

ഭോപ്പാൽ : മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ഥികൾക്കും എതിരില്ലാത്ത ജയം. രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവാട്ട് എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. മൂന്നു പേര്‍ക്കും വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൈമാറി. ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതോടെയാണ് ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാര്‍ഥിയും വിജയിച്ചത്.

മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിനായി അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. പത്രിക പിന്‍വലിക്കാനുള്ള സമയം വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്നതിനാല്‍ കോടതി അടിയന്തിരമായി ഇടപെടണമെന്നും അതുവരെ ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നുമാണ് അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടിരുന്നത്.

അതേസമയം ഹരജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും മറുപടി നല്‍കാന്‍ സമയം വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇത്തരം വിഷയങ്ങളില്‍ മുന്‍പ് തന്നെ നിയമം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

മധ്യപ്രദേശില്‍ നിന്ന് മീനാക്ഷി നടരാജനെ രാജ്യസഭയിലെത്തിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍, ജൂണ്‍ 9ന് നടന്ന സൂക്ഷ്മ പരിശോധനയ്ക്കിടെ ഇവരുടെ പത്രിക തള്ളുകയായിരുന്നു. തെലങ്കാനയിൽ നിലവിലുള്ള ഒരു കേസ് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചുവെന്ന് കാണിച്ച് ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവത് നല്‍കിയ പരാതിയിലാണ് റിട്ടേണിങ് ഓഫീസർ മീനാക്ഷി നടരാജന്റെ പത്രിക നിരസിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.