കൊച്ചി: കുംഭമേളയിലെ ചിത്രത്തിലൂടെ തരംഗമായ ‘വൈറല്‍ പെണ്‍കുട്ടി’യുടെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കം രണ്ട് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ തമ്മിലുള്ള നിയമയുദ്ധമായി മാറുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പിതാവിന്റെ പരാതിയില്‍ എടുത്ത പോക്‌സോ കേസില്‍ മൊഴി രേഖപ്പെടുത്താന്‍ മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുമ്പോള്‍, പെണ്‍കുട്ടി രഹസ്യകേന്ദ്രത്തിലേക്ക് മാറിയത് അന്വേഷണത്തെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
വിഷയം അതീവ ഗൗരവകരമായ സാഹചര്യത്തില്‍, മധ്യപ്രദേശ് പോലീസിന്റെ നടപടികളില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് കേരള പോലീസ് നിയമോപദേശം തേടാനൊരുങ്ങുകയാണ്. നിലവില്‍ കൊച്ചിയിലെ രഹസ്യ സങ്കേതത്തിലുള്ള പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് നീക്കം ഊര്‍ജ്ജിതമാക്കി.
പെണ്‍കുട്ടിക്ക് താമസസൗകര്യവും മറ്റ് സഹായങ്ങളും നല്‍കുന്നവര്‍ക്ക് മധ്യപ്രദേശ് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതിയെ ഉടന്‍ ഹാജരാക്കണമെന്നും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നുമാണ് മുന്നറിയിപ്പ്. എന്നാല്‍ പോലീസിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് പെണ്‍കുട്ടിയും ഭര്‍ത്താവും. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും കാണിച്ചാണ് പെണ്‍കുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും സംരക്ഷണ ഹര്‍ജി നല്‍കിയത്. തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നും കേരള പോലീസിന്റെ സംരക്ഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
അതേസമയം, ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഈ മാസം 20 വരെ ഹൈക്കോടതി തടഞ്ഞത് മധ്യപ്രദേശ് പോലീസിന് തിരിച്ചടിയായിട്ടുണ്ട്. ടവര്‍ ലൊക്കേഷന്‍ പ്രകാരം ഇരുവരും കൊച്ചിയില്‍ തന്നെയുണ്ടെന്ന് വ്യക്തമാണെങ്കിലും, കേരള പോലീസ് ഇവരെ വിട്ടുനല്‍കാന്‍ തയ്യാറാകാത്തത് മധ്യപ്രദേശ് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. മധ്യപ്രദേശ് പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ കേരള പോലീസിനും വ്യക്തതയില്ല. നിയമപരമായ സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കുന്നതിനാല്‍ അഡ്വക്കേറ്റ് ജനറലിന്റെയോ മറ്റ് നിയമ വിദഗ്ധരുടെയോ ഉപദേശം തേടാനാണ് സിറ്റി പോലീസ് കമ്മീഷണറുടെ നീക്കം.
മധ്യപ്രദേശിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളെ സമീപിക്കാനാണ് യുവതിയുടെ നീക്കം. ഇതിനിടെ രഹസ്യമൊഴി നല്‍കാനുള്ള സാധ്യതയും അഭിഭാഷകര്‍ ആരായുന്നുണ്ട്. മധ്യപ്രദേശിലെ രേഖകളില്‍ പെണ്‍കുട്ടി മൈനറാണെന്ന് കാണിക്കുമ്പോള്‍, കേരളത്തില്‍ ഹാജരാക്കിയ രേഖകളില്‍ പ്രായപൂര്‍ത്തിയായെന്നാണ് വിവരം.
ഈ വൈരുദ്ധ്യമാണ് പോലീസിനെ കുഴപ്പിക്കുന്നത്. കേരളത്തിന്റെ സംരക്ഷണം തേടി പെണ്‍കുട്ടി കത്തയച്ചതോടെ, കേസ് ഇനി കോടതിയുടെ തീര്‍പ്പിലേക്ക് നീങ്ങാനാണ് സാധ്യത. മെയ് 20-ലെ ഹൈക്കോടതി വിധി ഈ കേസില്‍ നിര്‍ണ്ണായകമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡി മണിയെ കുറ്റവിമുക്തനാക്കിയിട്ടില്ല; ശബരിമല സ്വര്‍ണക്കൊള്ള: പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്; തന്ത്രിക്ക് പിന്നാലെ ആരും അഴിക്കുള്ളിലാകാം





