രാജ്ഭവനില്‍ സംഘി ‘സൈബറിടം’; വിദ്വേഷം വിളമ്പുന്നവര്‍ക്ക് ഗവര്‍ണറുടെ പൊന്നാടയെന്ന് ആരോപണം പദവി മറന്ന് അര്‍ലേക്കറുടെ ‘ആദരിക്കല്‍’; കട്ടക്കലിപ്പില്‍ സിപിഎം, പിണറായി പ്രതിഷേധം അറിയിച്ചേക്കും

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ലോക്ഭവനെ ബിജെപി സെല്ലായി മാറ്റുന്നു എന്ന ആരോപണത്തിന് പുതിയ ആയുധം നല്‍കി ‘സൈബര്‍ പരിവാറുകാരുടെ’ രാജ്ഭവന്‍ സന്ദര്‍ശനം. സമൂഹമാധ്യമങ്ങളില്‍ സംഘപരിവാറിന് വേണ്ടി വിദ്വേഷ പ്രചാരണം നടത്തുന്ന ഒമ്പതംഗ സൈബര്‍ സംഘത്തെ രാജ്ഭവനില്‍ വിളിച്ച് പൊന്നാട അണിയിച്ച് ആദരിച്ച ഗവര്‍ണറുടെ നടപടി വന്‍ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയാണ്. ലസിത പാലക്കല്‍ ഉള്‍പ്പെടെയുള്ള തീവ്ര സൈബര്‍ പോരാളികള്‍ക്ക് ഗവര്‍ണര്‍ നേരിട്ട് ‘സര്‍ട്ടിഫിക്കറ്റ്’ നല്‍കിയതിനെതിരെ സിപിഎം കടുത്ത പ്രതിഷേധത്തിലാണ്.

സമൂഹമാധ്യമങ്ങളില്‍ നിരന്തരം വിദ്വേഷ പോസ്റ്റുകള്‍ ഇടുന്നതിനും വര്‍ഗീയത പ്രചരിപ്പിക്കുന്നതിനും ആരോപണം നേരിടുന്നവരാണ് ഗവര്‍ണറെ കണ്ട് ആദരവ് ഏറ്റുവാങ്ങിയത്. ലസിത പാലക്കല്‍, ഷാബു പ്രസാദ്, അര്‍ജുന്‍ മാധവ്, ഫസല്‍ കാരാട്ട്, ശ്രീല പിള്ള, മഹേന്ദ്രകുമാര്‍ തുടങ്ങിയ ആര്‍എസ്എസ്-ബിജെപി അനുകൂലികള്‍ തങ്ങളുടെ സൈബര്‍ പടയോട്ടത്തിന് ഗവര്‍ണര്‍ നല്‍കിയ അംഗീകാരം അഭിമാനത്തോടെ പങ്കുവെച്ചു. അഞ്ച് ദിവസം മുന്‍പ് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇവര്‍ തന്നെ പുറത്തുവിട്ടതോടെയാണ് രാജ്ഭവനിലെ ഈ ‘സൈബര്‍ വാരിയര്‍’ സംഗമം പുറംലോകം അറിഞ്ഞത്.

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഔദ്യോഗിക വസതിയില്‍ ഇത്തരം വിവാദ വ്യക്തിത്വങ്ങളെ സ്വീകരിക്കുന്നതും ആദരിക്കുന്നതും കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ക്കെതിരെ പരസ്യമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. എന്നാല്‍, ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ പെട്ട ഇത്തരം സന്ദര്‍ശനങ്ങളെ തടയാനോ നടപടിയെടുക്കാനോ സര്‍ക്കാരിന് നിയമപരമായി കഴിയില്ലെന്നത് പിണറായി സര്‍ക്കാരിനെ വെട്ടിലാക്കുന്നു.

ആരിഫ് മുഹമ്മദ് ഖാന്റെ പാത പിന്തുടര്‍ന്ന് അര്‍ലേക്കറും സംഘപരിവാര്‍ അജണ്ടകള്‍ക്ക് കുടപിടിക്കുകയാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. ‘സത്യാഗ്രഹമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്’ എന്ന അദ്ദേഹത്തിന്റെ പഴയ പ്രസ്താവന ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണറെ പ്രതിരോധത്തിലാക്കാന്‍ സിപിഎം ശ്രമിക്കുമ്പോഴും, രാജ്ഭവനിലെ ഈ പൊന്നാട ചാര്‍ത്തല്‍ കേരളത്തിലെ സൈബര്‍ പോരാട്ടത്തിന് പുതിയ മുഖം നല്‍കും.

ഗവര്‍ണറെ മുഖ്യമന്ത്രി നേരിട്ട് പ്രതിഷേധം അറിയിക്കുന്നതും പരിഗണനയിലുണ്ട്. സര്‍ക്കാരിനെ ചൊടിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ രേഖപ്പെടുത്താനാണ് സാധ്യത.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.