തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ രാജ്ഭവനും പുതിയ യു.ഡി.എഫ് സര്‍ക്കാരും തമ്മിലുള്ള പ്രോട്ടോക്കോള്‍ പോര് നിയമസഭയുടെ പടിവാതില്‍ക്കലേക്ക്. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സഭയിലെത്തിയപ്പോള്‍ വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രം പോലീസ് ബാന്‍ഡ് വായിച്ച് അവസാനിപ്പിച്ചത് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. ഗവര്‍ണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിക്കണമെന്ന രാജ്ഭവന്റെ കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കേവലം ഒരു സാങ്കേതിക പിഴവല്ല, മറിച്ച് സര്‍ക്കാരും രാജ്ഭവനും തമ്മില്‍ അണിയറയില്‍ നടന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സഭയ്ക്കുള്ളില്‍ കണ്ടതെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നയപ്രഖ്യാപനത്തിന് മുന്നോടിയായി വ്യാഴാഴ്ച നിയമസഭയില്‍ നടന്ന റിഹേഴ്‌സല്‍ കണ്ടപ്പോള്‍ തന്നെ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിക്കണമെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, മുന്‍പ് പാലിച്ചുവന്ന കീഴ്വഴക്കങ്ങളും സമയക്രമവും ചൂണ്ടിക്കാട്ടി ഈ നിര്‍ദ്ദേശം തള്ളാനാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വ്യക്തം.
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപത്തിലുള്ള ആറ് ചരണങ്ങളും ആലപിക്കണമെന്നും ഇതിനായി 3 മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യം പാലിക്കണമെന്നുമാണ് കേന്ദ്ര പ്രോട്ടോക്കോള്‍. ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങായതിനാല്‍ ഈ ചട്ടം പൂര്‍ണ്ണമായി പാലിക്കണമെന്നായിരുന്നു രാജ്ഭവന്റെ ആവശ്യം. എന്നാല്‍, കേരള നിയമസഭയിലെ ദീര്‍ഘകാലത്തെ കീഴ്വഴക്കം അനുസരിച്ച് വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രം വായിക്കുന്ന രീതിയാണ് പോലീസ് ബാന്‍ഡ് തുടര്‍ന്നത്. രാജ്ഭവന്റെ നിര്‍ദ്ദേശം ബോധപൂര്‍വ്വം മറികടക്കാന്‍ സര്‍ക്കാര്‍ ബാന്‍ഡ് സംഘത്തിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നോ എന്ന സംശയവും ഇതോടെ ശക്തമായിട്ടുണ്ട്.
തന്റെ നിര്‍ദ്ദേശം പരസ്യമായി തള്ളിക്കൊണ്ട് വന്ദേമാതരം പാതിവഴിയില്‍ അവസാനിപ്പിച്ചതിനോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി അറിയേണ്ടത്. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം രാജ്ഭവന്‍ ഇതില്‍ ഔദ്യോഗികമായി അതൃപ്തി രേഖപ്പെടുത്താനോ സര്‍ക്കാരിനോട് വിശദീകരണം തേടാനോ സാധ്യതയേറെയാണ്. ദേശീയ പ്രോട്ടോക്കോളിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കടുത്ത നിലപാടിലേക്ക് കടന്നാല്‍ അത് യു.ഡി.എഫ് സര്‍ക്കാരിന്റെ തുടക്കത്തിന് തന്നെ വലിയ തിരിച്ചടിയാകും.
ഇതിനൊപ്പം, സഭയിലെ ബി.ജെ.പി അംഗങ്ങളും ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുമെന്നുറപ്പാണ്. ദേശീയ ഗീതത്തെ സര്‍ക്കാര്‍ അപമാനിച്ചുവെന്നാരോപിച്ച് ബി.ജെ.പി സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രക്ഷോഭത്തിന് മുതിര്‍ന്നേക്കും. ഗവര്‍ണറുടെ നിലപാടും ബി.ജെ.പിയുടെ പ്രതിഷേധവും ഒത്തുചേരുമ്പോള്‍ വരും ദിവസങ്ങളില്‍ നിയമസഭാ സമ്മേളനം വന്ദേമാതരം വിവാദത്തില്‍ നിറയാനാണ് സാധ്യത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിയമസഭയിലെ പഴയ കയ്യാങ്കളി തിരിഞ്ഞുകുത്തുന്നു! വി. ശിവന്‍കുട്ടിയുടെ മേശപ്പുറത്തെ കയറ്റം മുതല്‍ സ്പീക്കറുടെ കസേര തള്ളിയിടല് വരെ.. ‘നിയമസഭാ കയ്യാങ്കളി കേസ്’ വീണ്ടും ചര്‍ച്ചയില്‍





