നിയമസഭയിലെ പഴയ കയ്യാങ്കളി തിരിഞ്ഞുകുത്തുന്നു! വി. ശിവന്‍കുട്ടിയുടെ മേശപ്പുറത്തെ കയറ്റം മുതല്‍ സ്പീക്കറുടെ കസേര തള്ളിയിടല്‍ വരെ.. ‘നിയമസഭാ കയ്യാങ്കളി കേസ്’ വീണ്ടും ചര്‍ച്ചയില്‍

തിരുവനന്തപുരം :നിയമസഭയിൽ ഇന്നലെ പ്രതിപക്ഷ എംഎൽഎമാരുടെ സ്പീക്കർ ഡയസിലേക്കുള്ള കടന്നുകയറ്റത്തെ അപലപിക്കാൻ രംഗത്തിറങ്ങിയ ഭരണപക്ഷത്തിന് തിരിച്ചടിയായി പഴയ നിയമസഭാ സംഭവങ്ങൾ. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണകാലത്ത് 2015 മാർച്ച് 13ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ എം മാണിയെ തടയാനായി അന്നത്തെ പ്രതിപക്ഷം നടത്തിയ പ്രതിഷേധമാണ് ഇന്നത്തെ ഭരണപക്ഷത്തെ തിരിഞ്ഞ്കുത്തുന്നത്.

കേരള നിയമസഭയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത അക്രമ സംഭവങ്ങളാണ് 2015 മാർച്ച് 13ന് സഭയിൽ അരങ്ങേറിയത്. അന്നത്തെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളായ വി ശിവൻകുട്ടി, കെ ടി ജലീൽ, ഇ പി ജയരാജൻ പി ശ്രീരാമകൃഷ്ണൻ, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ, കെ അജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രവർത്തനങ്ങൾ.

സ്പീക്കർ ഡയ സിൽ കടന്നു കയറിയ കെ ടി ജലീൽ, ഇ പി ജയരാജൻ, കെ കുഞ്ഞഹമ്മദ്, കെ അജിത് തുടങ്ങിയവർ സ്പീക്കറുടെ കസേര താഴേക്ക് തള്ളിയിടുകയും പോടിയത്തിൽ ഉണ്ടായിരുന്ന മൈക്ക്,കമ്പ്യൂട്ടർ, സ്പീക്കർ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു.ശിവൻകുട്ടിയാകട്ടെ സഭയുടെ മേശയ്ക്ക് മുകളിൽ മുണ്ടും മടക്കികുത്തി കയറിയായിരുന്നു പ്രതിഷേധം നടത്തിയത്.

സഭയിൽ നാശനഷ്ടം വരുത്തിയതിന് നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ എംഎൽഎമാരായ വി ശിവൻകുട്ടി,കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ,കെ കുഞ്ഞഹമ്മദ് എന്നിവർക്കെതിരെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2.20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരം രജിസ്റ്റർ ഈ കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

കേസിൽ കുറ്റ വിമുക്തരാക്കി വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കുറ്റപത്രം സമർപ്പിക്കപ്പെട്ട തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും പ്രതികൾ പോയെങ്കിലും നിരാശയായിരുന്നു ഫലം.അപ്പീൽ ഹർജി പരിഗണിച്ച സുപ്രീംകോടതി 2021 ജൂലൈ പുറപ്പെടുവിച്ച വിധിയിൽ പ്രതികൾ നേരിടണമെന്ന് വിധിച്ചു.ഇതൊരു രാഷ്ട്രീയ പ്രതിഷേധം ആയിരുന്നുവെന്ന് പ്രതികൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതൊരു രാഷ്ട്രീയ പ്രതിഷേധ മായിരുന്നു വെന്ന പ്രതികളുടെ വാദം തള്ളിയ കോടതി,ഇത്തരം പ്രവർത്തികളെ അഭിപ്രായ സ്വാതന്ത്ര്യമായും ന്യായമായ പ്രതിഷേധമായും കാണാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

2022 സെപ്റ്റംബറിൽ കോടതി കുറ്റപത്രം വായിച്ച ഈ കേസിൽ ഇപ്പോഴും വിചാരണ നടന്നുവരികയാണ്.ഇതിൽ ഒന്നാം പ്രതിയായ വി ശിവൻകുട്ടി ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്. കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവർ കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ യഥാക്രമം ഉന്നത വിദ്യാഭ്യാസവകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും മന്ത്രിമാരായിരുന്നു.

ഇന്നലെ നിയമസഭയിൽ അരങ്ങേറിയ പ്രതിപക്ഷ ബഹളത്തെ കടുത്ത ഭാഷയിൽ വിമർ ശിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്ത് ഭരണപക്ഷം രംഗത്ത് വന്നതോടെ പഴയ സംഭവങ്ങളുടെ വിശദീകരണവും ചിത്രങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ രംഗത്തു വന്നിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.