പത്തനംതിട്ട: ആധിയോടെ ഓടയ്ക്ക് സമീപം നിന്ന ശ്യാമളയുടെ മുഖത്ത് ഒടുവില്‍ പുഞ്ചിരി വിരിഞ്ഞു. അബദ്ധത്തില്‍ ഓടയിലെ സ്ലാബുകള്‍ക്കിടയിലേക്ക് വീണുപോയ സ്വര്‍ണ്ണ മോതിരം രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാ സേന വീണ്ടെടുത്തു നല്കി. തൈക്കാവ് മുരിപ്പില്‍ കുഴിഞ്ഞിക്കല് ശ്യാമളയ്ക്കാണ് തന്റെ പ്രിയപ്പെട്ട മോതിരം തിരികെ ലഭിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കടമ്മനിട്ട റോഡില്‍ പ്രസ് ക്ലബ്ബിന് മുന്നിലെ ഓടയുടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയിലൂടെ ശ്യാമളയുടെ രണ്ട് ഗ്രാം തൂക്കം വരുന്ന മോതിരം താഴേക്ക് വീഴുകയായിരുന്നു. സ്ലാബിനിടയിലൂടെ കൈയിട്ട് മോതിരം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്യാമളയുടെ വിരല്‍ സ്ലാബിനിടയില്‍ കുടുങ്ങുകയും ചെയ്തു. ഇതുകണ്ട സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ദില്ലുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരടിയോളം കനമുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബ് നീക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അലവാങ്കുപയോഗിച്ച് സ്ലാബിന്റെ ഒരറ്റം ഉയര്‍ത്തിയ ശേഷം വടം കെട്ടി വലിച്ചുപൊക്കിയാണ് സ്ലാബ് മാറ്റിയത്. ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ ഓടയ്ക്കുള്ളില്‍ നിന്ന് മോതിരം കണ്ടെത്തി ശ്യാമളയ്ക്ക് കൈമാറി.
നഷ്ടപ്പെട്ടെന്ന് കരുതിയ മോതിരം സുരക്ഷിതമായി കൈകളില്‍ തിരിച്ചുകിട്ടിയതോടെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് ശ്യാമള മടങ്ങിയത്. സേനയുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാരും അഭിനന്ദിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുല്‍ ഈശ്വർ ജയിൽ മോചിതനായി: ഉപാധികളോടെ ജാമ്യം; ‘അറസ്റ്റ് കളവ്’- ആരോപണം





