കോഴിക്കോട്: പൊളിച്ചുമാറ്റേണ്ട കെട്ടിടം ഒഴിപ്പിക്കുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ച വലിയങ്ങാടിയില്‍ വന്‍ ദുരന്തമായി മാറി. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് വിശ്രമിക്കുകയായിരുന്ന മൂന്ന് ചുമട്ടുതൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു. കിണാശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനോദ് എന്ന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് പൊളിച്ചുമാറ്റാനിരുന്നതാണ്. കെട്ടിടം ഒഴിയാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ചില വ്യാപാരികള്‍ ഇത് അവഗണിച്ചതാണ് ദുരന്തത്തിന് ആക്കം കൂട്ടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നോട്ടിസ് നല്‍കിയതിന് ശേഷം കെട്ടിടം ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെന്നും കടുത്ത ആക്ഷേപമുണ്ട്.
എന്നാല്‍, കെട്ടിടം പൊളിക്കുമെന്നോ ഒഴിയണമെന്നോ കാണിച്ച് കോര്‍പ്പറേഷനില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നാണ് ഇതില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ വാദം. എല്ലാ മാസവും അഞ്ചാം തിയ്യതി കൃത്യമായി വാടക കോര്‍പ്പറേഷനില്‍ അടക്കുന്നുണ്ടെന്നും, കെട്ടിടത്തില്‍ ഇടയ്ക്ക് അറ്റക്കുറ്റപ്പണികള്‍ നടത്തിയിരുന്നുവെന്നും ഗാമ ഏജന്‍സീസ് എന്ന സ്ഥാപനത്തിന്റെ ഉടമ വ്യക്തമാക്കി. നിലവില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഈ അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
റംസാന്‍ വ്രതം; വീട്ടിലേക്ക് മടങ്ങാനിരുന്നവരെ തേടിയെത്തിയ മരണം
റംസാന്‍ വ്രതമായതിനാല്‍ വൈകീട്ട് നേരത്തെ വീട്ടിലേക്ക് മടങ്ങാമെന്ന കണക്കുകൂട്ടലില്‍ അതിരാവിലെ തന്നെ ജോലിക്ക് എത്തിയവരായിരുന്നു അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍. രാവിലെ ജോലി തീര്‍ത്ത്, കെട്ടിടത്തിന്റെ വരാന്തയില്‍ ഒരുമിച്ച് വിശ്രമിക്കുകയായിരുന്ന ജബ്ബാര്‍, അഷ്റഫ്, ബഷീര്‍, കോയ, വിനോദ് എന്നിവരുടെ ശരീരത്തിലേക്കാണ് ഭീമമായ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണത്.
വലിയങ്ങാടിയിലെ തൊഴിലാളികളുടെ സ്ഥിരം വിശ്രമകേന്ദ്രമായിരുന്നു ഈ കെട്ടിടത്തിന്റെ പുറംഭാഗം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. സ്ലാബ് മുറിച്ചുമാറ്റിയാണ് ഫയര്‍ഫോഴ്‌സ് ഒരാളെ പുറത്തെടുത്തത്. ജബ്ബാറും അഷ്റഫും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിക്കുമ്പോളേക്കും മരിച്ചിരുന്നു. തൊട്ടുപിന്നാലെ ബഷീറും മരണത്തിന് കീഴടങ്ങി.
അപകടത്തില്‍ കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ഒട്ടനവധി ഇരുചക്ര വാഹനങ്ങളും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







