ശബരിമല കൊള്ളയില്‍ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്നത് രണ്ട് മന്ത്രിമാരെ; അഴിമതിയില്‍ സംശയ നിഴലിലുള്ള മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിക്കുന്നത് എങ്ങനെയെന്ന് ചോദിച്ച് അമിത് ഷാ; കേരളത്തിലെ ലക്ഷ്യം ബിജെപി മുഖ്യന്‍

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമല ചര്‍ച്ചയാക്കും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനെത്തിയാല്‍ പലതും സംഭവിക്കും. ഇതിന്റെ സൂചനകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കുന്നത്. ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ച സംഭവം കേരളത്തെ മാത്രമല്ല, രാജ്യത്തെ വിശ്വാസസമൂഹത്തെയാകെ ബാധിച്ച ഒന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പ്രതികളെ രക്ഷിക്കാന്‍ പഴുതുകളുണ്ടെന്നും രണ്ട് മന്ത്രിമാര്‍ സംശയനിഴലിലാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയില്‍ സംശയ നിഴലിലുള്ള മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിക്കുന്നത് എങ്ങനെയെന്ന് ചോദിച്ച അദ്ദേഹം, ഒടുവില്‍ നിഷ്പക്ഷ അന്വേഷണത്തിന് സര്‍ക്കാരിന് വഴങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. വിശ്വാസത്തെയും വിശ്വാസികളുടെ സ്വത്തിനെയും സംരക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതായത് ബിജെപി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അജണ്ട സെറ്റ് ചെയ്യുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ‘മിഷന്‍ 2026’ പദ്ധതിക്കും അമിത് ഷാ തുടക്കം കുറിച്ചു.  തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന് നേര്‍ച്ചയുണ്ടായിരുന്നുവെന്നും അത് ഇന്ന് നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അയ്യപ്പ വിഗ്രഹം നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.  കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുക എന്നതാണ് അടുത്ത ലക്ഷ്യം. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ വികസിത കേരളം അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലോകത്ത് കമ്മ്യൂണിസവും ഇന്ത്യയില്‍ കോണ്‍ഗ്രസും അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വികസനം നിലവില്‍ സ്തംഭനാവസ്ഥയിലാണെന്നും വിശ്വാസ സംരക്ഷണത്തിന് ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ച സംഭവം രാജ്യത്തെ വിശ്വാസികളെയാകെ ബാധിച്ച ഒന്നാണ്. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ എഫ്.ഐ.ആറില്‍ പഴുതുകളിട്ടുവെന്നും രണ്ട് മന്ത്രിമാര്‍ സംശയനിഴലിലാണെന്നും ഷാ ആരോപിച്ചു. നിഷ്പക്ഷ അന്വേഷണത്തിന് മുഖ്യമന്ത്രി വഴങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുനമ്പം വിഷയത്തിലും മുത്തലാഖ് നിരോധനത്തിലും സര്‍ക്കാരിന്റെ പ്രീണന നയങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. ബിജെപിയില്‍ ചേര്‍ന്ന റെജി ലൂക്കോസിനെ ചടങ്ങില്‍ അമിത് ഷാ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
അമിത് ഷായുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍:
‘ഇന്ന് തലസ്ഥാനത്ത് ബിജെപിയുടെ മേയറെ കാണുന്നത് പോലെ, നാളെ കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രിയെ നമ്മള്‍ കാണും. വോട്ട് വിഹിതം 30 ശതമാനത്തില്‍ നിന്നും 40 ശതമാനത്തിലേക്ക് എത്തിക്കാന്‍ വലിയ ദൂരമില്ല. ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പോടെ അത് സാധ്യമാകും.’
കേരളത്തില്‍ താമര വിരിയിക്കുക എന്നത് എളുപ്പമായിരുന്നില്ല. ഭരണസ്വാധീനമില്ലാതിരുന്നിട്ടും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. എന്നാല്‍ പാറപോലെ ഉറച്ചുനിന്ന പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
2047-ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം പൂര്‍ത്തിയാകാന്‍ വികസിത കേരളം അനിവാര്യമാണ്. എന്നാല്‍ നിലവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ‘മാച്ച് ഫിക്‌സിംഗ്’ കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുകയാണ്.
വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം എന്നീ മൂന്ന് കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ. കേരള വിരുദ്ധ ശക്തികളെ പരാജയപ്പെടുത്തി വിശ്വാസങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.