മുരാരി ബാബു അന്തരിച്ചു; ഞെട്ടലില്‍ സഹപ്രതികള്‍; ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അര്‍ബുദത്തിന് കീഴടങ്ങി; മരണം കുറ്റപത്ര സമര്‍പ്പണത്തെ ബാധിക്കില്ലെന്ന് എസ്.ഐ.ടി; മരിച്ചത് ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ പ്രധാനി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങിയ മുന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ബി. മുരാരി ബാബു (61) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അര്‍ബുദ രോഗബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. മുരാരി ബാബുവിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാത്രമല്ല, കേസില്‍ ഉള്‍പ്പെട്ട മറ്റ് സഹപ്രതികളെയും ഞെട്ടിച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ വിജിലന്‍സ് പിടിമുറുക്കുന്നത് വരെ അതീവ ആരോഗ്യവാനായിരുന്ന ഇദ്ദേഹത്തെ ജയില്‍വാസത്തിന് ശേഷമാണ് മാരക രോഗം വിഴുങ്ങിയത്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലും പതിപ്പിച്ചിരുന്ന സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയില്‍വാസം അനുഭവിച്ചിരുന്നു. നിശ്ചിത സമയത്തിനകം അന്വേഷണസംഘം കുറ്റപത്രം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കടുത്ത ശാരീരിക അസ്വസ്ഥതകള്‍ വേട്ടയാടാന്‍ തുടങ്ങി. ആദ്യമെല്ലാം വെറും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് കരുതി ചികിത്സ തേടാതിരുന്ന ഇദ്ദേഹം, പിന്നീട് അതിവേഗം മെലിഞ്ഞുണങ്ങി.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ കോലം കെട്ട അവസ്ഥയിലായിരുന്ന ഇദ്ദേഹത്തോട് പൊലീസുകാര്‍ തന്നെ കാര്യങ്ങള്‍ തിരക്കി. ‘എല്ലാം അയ്യപ്പന്‍ നേരിട്ട് തന്ന ശിക്ഷയാണ്, രോഗം നാലാം സ്റ്റേജിലായി’ എന്ന് പൊലീസിനോട് വികാരാധീനനായി തുറന്നുപറഞ്ഞാണ് ഇദ്ദേഹം സ്റ്റേഷന്‍ പടികള്‍ ഇറങ്ങിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു. പ്രധാന പ്രതി വിടവാങ്ങിയെങ്കിലും അന്വേഷണം അന്തിമഘട്ടത്തിലായതിനാല്‍ കുറ്റപത്ര സമര്‍പ്പണത്തെ ഇത് ബാധിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
ചങ്ങനാശേരി പെരുന്നയിലെ ഒരു സാധാരണ പലചരക്ക്-പച്ചക്കറി വ്യാപാരിയുടെ മകനായിരുന്ന മുരാരി ബാബുവിന്റെ ദേവസ്വം സര്‍വീസിലെ വളര്‍ച്ച അവിശ്വസനീയമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വെറുമൊരു ‘വാച്ചര്‍’ (ഗാര്‍ഡ്) ആയിട്ടായിരുന്നു ഇദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിനിടെ 1994-ല്‍ ഇദ്ദേഹത്തിന് പൊലീസില്‍ കോണ്‍സ്റ്റബിളായി നിയമന ഉത്തരവ് ലഭിച്ചു. എന്നാല്‍ കണ്ണൂരിലെ കഠിനമായ ശാരീരിക പരിശീലനത്തോടും അച്ചടക്കത്തോടും പൊരുത്തപ്പെടാനാകാതെ പരിശീലന കാലയളവ് പൂര്‍ത്തിയാക്കും മുന്‍പ് മുരാരി ബാബു ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വണ്ടി കയറി.
തിരിച്ചെത്തിയ യുവാവിന് പിന്നീട് ദേവസ്വത്തില്‍ വഴിവിട്ട രണ്ടാം ഊഴമൊരുക്കിയത് സ്വന്തം കൊച്ചച്ഛന്റെ സ്വാധീനമായിരുന്നു. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന എന്‍. ഭാസ്‌കരന്‍ നായരുടെ പേഴ്‌സണല്‍ ഗുമസ്തനായിരുന്നു മുരാരി ബാബുവിന്റെ കൊച്ചച്ഛന്‍. ഈ ബന്ധം വെച്ച് കുടുംബത്തിന്റെ ദാരിദ്ര്യം ബോധ്യപ്പെടുത്തിയതോടെ ഭാസ്‌കരന്‍ നായര്‍ മുരാരിയെ തന്റെ സഹായിയായി കൂടെക്കൂട്ടി. വൈകാതെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ക്ലര്‍ക്കായി പിന്‍വാതിലിലൂടെ സ്ഥിരനിയമനവും വാങ്ങിനല്‍കി. പഠനകാലം മുതല്‍ ഇടതുപക്ഷ അനുഭാവിയായിരുന്ന ഇദ്ദേഹം ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷനിലെ (ഇകഠഡ) പ്രമുഖ അംഗമായി മാറുകയും ചെയ്തു.
ഡെപ്യൂട്ടി കമ്മീഷണര്‍ പദവിയിലേക്ക് വരെ ഉയര്‍ന്ന മുരാരി ബാബുവിന്റെ കരിയറിലെ നിര്‍ണ്ണായക വഴിത്തിരിവ് ശബരിമലയിലെ യുവതീ പ്രവേശന വിവാദ കാലമായിരുന്നു. സന്നിധാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ഇദ്ദേഹം, യുവതികള്‍ പ്രവേശിക്കാത്തത് തന്റെ മാത്രം തന്ത്രങ്ങള്‍ കൊണ്ടാണെന്ന രീതിയില്‍ എന്‍.എസ്.എസ് ആസ്ഥാനത്തെ പ്രമുഖ വ്യക്തിക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചു. തന്ത്രിയുമായും സമുദായ നേതൃത്വവുമായുള്ള ഈ കള്ളക്കളികളിലൂടെ പെരുന്നയില്‍ വലിയൊരു ‘ആചാര സംരക്ഷകനായി’ ഇദ്ദേഹം സ്വയം അവതരിപ്പിച്ചു.
തുടര്‍ന്ന് പെരുന്ന കരയോഗത്തില്‍ സ്വാധീനമുറപ്പിച്ച ഇദ്ദേഹം ആദ്യ തവണ പരാജയപ്പെട്ടെങ്കിലും, പിന്നീട് സമവായത്തിലൂടെ കരയോഗം വൈസ് പ്രസിഡന്റ് പദവിയിലെത്തി. ഇതിന് പിന്നാലെ ഭാര്യയ്ക്ക് എന്‍.എസ്.എസ് ആസ്ഥാനത്ത് ജോലിയും സംഘടിപ്പിച്ചു നല്‍കി. ദേവസ്വം ബോര്‍ഡിന്റെ അടുത്ത പ്രസിഡന്റ് താനാണെന്ന് ഉറപ്പിച്ചു പറഞ്ഞു നടന്ന കാലത്താണ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസ് പുറത്തുവരുന്നത്. അയ്യപ്പന്റെ നേരിട്ടുള്ള ഇടപെടലാണ് മുരാരിയുടെ മുഖംമൂടി അഴിച്ചതെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ പറയുന്നത്.
ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്ന അതേ 2019 ലാണ് മുരാരി ബാബു രണ്ട് കോടിയോളം രൂപ ചെലവിട്ട് ചങ്ങനാശേരിയിലെ ആഡംബര മന്ദിരം പണിയുന്നത്. ക്ഷേത്രങ്ങളിലെ ആവശ്യത്തിനെന്ന പേരില്‍ വനംവകുപ്പിന്റെ കോട്ടയം നട്ടാശേരി ഡിപ്പോ വഴി കബളിപ്പിച്ച് സ്വന്തമാക്കിയ മുന്തിയ ഇനം തേക്കുതടികളാണ് ഈ കൊട്ടാര സമാനമായ വീടിനായി ഇദ്ദേഹം കടത്തിയത്. തിരുനക്കര, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളിലെ പണിക്കെന്ന പേരില്‍ വാങ്ങിയ ഈ തടികള്‍ എവിടെപ്പോയി എന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ ഭവന നിര്‍മ്മാണത്തിലെ അനുമതി പുറത്തുവന്നത്.
വിജയ് മല്യ സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും ചാര്‍ത്തിയ സ്വര്‍ണ്ണപ്പാളികള്‍ കവര്‍ന്ന കേസില്‍ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. വിലപിടിപ്പുള്ള സ്വര്‍ണ്ണപ്പാളികളെ വെറും ചെമ്പ് പാളികളാണെന്ന് കത്തുകളിലും മഹസറുകളിലും ബോധപൂര്‍വ്വം തിരുത്തി എഴുതിയത് ഇദ്ദേഹത്തിന്റെ ബുദ്ധിയായിരുന്നു. മുന്‍പ് ജോലി ചെയ്ത വൈക്കം, തിരുനക്കര ക്ഷേത്രങ്ങളിലെ ആനക്കരാര്‍ ക്രമക്കേടുകള്‍, ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണ രുദ്രാക്ഷമാലയും സ്‌ട്രോങ്ങ് റൂമിലെ ഉരുപ്പടികളും കാണാതായ സംഭവങ്ങള്‍ എന്നിവയിലെല്ലാം വിജിലന്‍സ് ഇദ്ദേഹത്തിന്റെ പങ്ക് കണ്ടെത്തിയിരുന്നു. ഒടുവില്‍ 2024 ഒക്ടോബറിലും സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിക്ക് ബോര്‍ഡറിയാതെ കത്തയച്ച് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശലില്‍ കള്ളക്കളി നടത്താന്‍ ശ്രമിച്ചതോടെയാണ് മുരാരി ബാബുവിന്റെ പതനം പൂര്‍ണ്ണമായത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.