തിരുവനന്തപുരം: കേരളത്തിലെ ബിജെപിയില്‍ വീണ്ടും ഭിന്നത പുകയുന്നു. ‘ലൗ ജിഹാദ്’ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചുവന്ന തീവ്ര നിലപാടിനെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പരസ്യമായി തള്ളിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിഞ്ഞത്. മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പരാമര്‍ശങ്ങളെ അധ്യക്ഷന്‍ നിരാകരിച്ചതില്‍ കൃഷ്ണദാസ് പക്ഷം കടുത്ത അമര്‍ഷത്തിലാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് വേദിയിലായിരുന്നു കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ പി.കെ. കൃഷ്ണദാസിന്റെ വിവാദ പ്രസംഗം. കേരളത്തില്‍ എല്‍ഡിഎഫോ യുഡിഎഫോ അധികാരത്തില്‍ വന്നാല്‍ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നായിരുന്നു കൃഷ്ണദാസിന്റെ ആരോപണം.
പാകിസ്ഥാന് അനുകൂല സംഘടനകള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ കൃഷ്ണദാസും ഇതേ നിലപാട് ആവര്‍ത്തിച്ചത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍, കൃഷ്ണദാസിന്റെ ഈ ‘ലൗ ജിഹാദ്’ പ്രയോഗങ്ങളെ പാടെ തള്ളുന്ന സമീപനമാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചത്. പാര്‍ട്ടിക്ക് അത്തരമൊരു അഭിപ്രായമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ലൗ ജിഹാദ് എന്നത് പാര്‍ട്ടി നയമാണെങ്കില്‍ അത് പ്രകടനപത്രികയില്‍ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൗ ജിഹാദ് എന്ന പ്രതിഭാസമുണ്ടെങ്കിലും അതിനെ നിര്‍വ്വചിക്കുന്നതിലാണ് പ്രശ്നമെന്നായിരുന്നു അധ്യക്ഷന്റെ നിലപാട്. വോട്ടര്‍മാര്‍ക്കിടയില്‍ മിതവാദ മുഖം സ്വീകരിക്കാനുള്ള രാജീവ് ചന്ദ്രശേഖറിന്റെ നീക്കമാണ് ഇതെന്നും എന്നാല്‍ ഇത് പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും കൃഷ്ണദാസ് പക്ഷം വാദിക്കുന്നു.
സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവനക്കെതിരെ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്ന വിഭാഗം കേന്ദ്ര നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്. മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തള്ളിപ്പറയുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നാണ് ഇവരുടെ പരാതി.
നേരത്തെയും സമാനമായ വിഷയങ്ങളില്‍ ബിജെപിയില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രസംഗത്തെ സംസ്ഥാന അധ്യക്ഷന്‍ തന്നെ തള്ളിപ്പറയുന്നത് അസാധാരണമാണ്. ഇത് വരും ദിവസങ്ങളില്‍ ഗ്രൂപ്പ് പോര് മുറുകാന്‍ കാരണമാകും.
ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങള്‍ക്ക് ഇത്തരം പ്രസ്താവനകള്‍ വിഘാതമാകുമെന്ന തിരിച്ചറിവിലാണ് രാജീവ് ചന്ദ്രശേഖര്‍ തിരുത്തലിന് മുതിര്‍ന്നതെന്നാണ് സൂചന. എന്നാല്‍, ഹിന്ദു വോട്ട് ബാങ്ക് ഏകീകരിക്കാന്‍ ലൗ ജിഹാദ് പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തണമെന്ന നിലപാടിലാണ് കൃഷ്ണദാസ് വിഭാഗം.
കേരളത്തിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ലൗ ജിഹാദ് ചര്‍ച്ചയാക്കി നേട്ടമുണ്ടാക്കാം എന്ന കണക്കുകൂട്ടലിനാണ് അധ്യക്ഷന്റെ നിലപാട് തിരിച്ചടിയായിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ ബിജെപിയില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടായേക്കാം.
അതേസമയം, ബിജെപിയിലെ ഈ വിഭാഗീയതയെ പരിഹസിച്ച് ഇടത്-വലത് മുന്നണികള്‍ രംഗത്തെത്തിയിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി നടത്തുന്ന ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പാളിപ്പോകുന്നു എന്നതിന്റെ തെളിവാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണമെന്ന് ഇരുമുന്നണികളും ആരോപിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തലയിലെ രക്തക്കുഴലുകള്‍ തകര്‍ന്നു; കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞു തൂങ്ങി; രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ തുളച്ചു കയറി; ഇത് ബാറിലെ ‘മൃഗീയ’ മര്‍ദ്ദനം: സുമന്റേത് പച്ചയായ നരഹത്യ; നോക്കിനിന്ന ബാര്‍ ജീവനക്കാരും കൊലപാതകത്തിന് കൂട്ടു നിന്നവര്‍; അവരും പ്രതികളാകേണ്ടേ?





