ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ദൃശ്യവിസ്മയങ്ങളുടെ തമ്പുരാൻ;ക്യാമറക്കണ്ണിലൂടെ ചരിത്രം പകർത്തിയ ജീവിതം

ന്യൂഡൽഹി: ഭാരതീയ ഫോട്ടോ ജേണലിസത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. അർബുദ ബാധിതനായി കഴിഞ്ഞ രണ്ട് വർഷമായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. തുടക്കത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ അദ്ദേഹം അതിനെ അതിജീവിച്ചിരുന്നു. എന്നാൽ പിന്നീട് രോഗം വയറിലേക്ക് പടരുകയും ആരോഗ്യനില വഷളാവുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൻ അറിയിച്ചു.

1942 ഡിസംബർ 18-ന് ഇന്നത്തെ പാകിസ്ഥാനിലുള്ള ഝാംഗിലായിരുന്നു രഘു റായിയുടെ ജനനം. ഇന്ത്യയിലെയും ലോകത്തിലെയും ഏറ്റവും ആദരിക്കപ്പെടുന്ന ഫോട്ടോഗ്രാഫർമാരിൽ ഒരാളായി വളർന്ന അദ്ദേഹം ‘ദി സ്റ്റേറ്റ്‌സ്മാൻ’, ‘ഇന്ത്യ ടുഡേ’ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ടൈം, ലൈഫ്, ദി ന്യൂയോർക്ക് ടൈംസ്, ദി ഇൻഡിപെൻഡന്റ്, ദി ന്യൂയോർക്കർ തുടങ്ങിയ വിശ്വപ്രസിദ്ധമായ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ നിരന്തരം ഇടംപിടിച്ചിരുന്നു.

തൻ്റെ പ്രൊഫഷണൽ ജീവിതത്തിൽ, ഇന്ദിരാഗാന്ധി, ദലൈലാമ, മദർ തെരേസ, സത്യജിത് റേ, ഹരിപ്രസാദ് ചൗരസ്യ, ബിസ്മില്ലാ ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങൾ അദ്ദേഹം തന്റെ ക്യാമെറയിലുടെ പകർത്തിയിട്ടുണ്ട്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധസമയത്ത് അദ്ദേഹം പകർത്തിയ വികാരനിർഭരമായ ചിത്രങ്ങൾ കണക്കിലെടുത്ത് 1972-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2017-ൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 2019-ൽ ഫ്രഞ്ച് അക്കാദമി ഓഫ് ഫൈൻ ആർട്‌സ് ഏർപ്പെടുത്തിയ ലോകപ്രശസ്തമായ ഫോട്ടോഗ്രാഫി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

തന്റെ അവിസ്മരണീയമായ ചിത്രങ്ങൾ കോർത്തിണക്കി നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ഇന്ത്യ: റിഫ്ലക്ഷൻസ് ഇൻ കളർ’, ‘റിഫ്ലക്ഷൻസ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്. ഭാരതീയ ഫോട്ടോ ജേണലിസത്തിന് പുതിയ മാനങ്ങൾ നൽകിയ പ്രതിഭയുടെ വിയോഗത്തിൽ നിരവധി രാഷ്ട്രീയ സാംസ്‌കാരിക മേഖലയിൽ ഉള്ളവർ അനുശോചനം രേഖപ്പെടുത്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.