കൊച്ചി: പത്തുമാസം മാത്രം പ്രായമുള്ള ആലിന് ഷെറിന് എന്ന കുഞ്ഞുമാലാഖ ലോകത്തോട് വിടപറഞ്ഞത് അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിക്കൊണ്ടാണ്. ഈ നീറുന്ന വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ നിസ്വാര്‍ത്ഥതയെ പ്രകീര്‍ത്തിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
‘തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന് ഷെറിന് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്,’ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും ഇത്തരം സ്നേഹത്തിന്റെ നിറവെളിച്ചം കൊണ്ടാണ് ഈ ലോകം മനോഹരമായി നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലിന് ഇനിയും ജീവിക്കുമെന്നും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ അവളുണ്ടാകുമെന്നും താരം കുറിച്ചു.
മോഹന്‍ലാലിന്റെ പോസ്റ്റ് ചുവടെ-
·
“തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന് ഷെറിന് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിന് മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനില്ക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാര്‍ത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിന് ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും”.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന് ഷെറിന് എബ്രഹാം. കുഞ്ഞിന്റെ കരള്‍, രണ്ട് വൃക്കകള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് മാതാപിതാക്കള്‍ ദാനം ചെയ്തത്. ഇതില്‍ കരള്‍ സ്വീകരിക്കുന്നത് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള 6 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.
ദുരന്തമായെത്തിയ വാഹനാപകടം
ഫെബ്രുവരി അഞ്ചിന് എം.സി റോഡിലുണ്ടായ അപകടമാണ് ആലിന്റെ ജീവന് കവര്‍ന്നത്. മല്ലപ്പള്ളി സ്വദേശികളായ അരുണും കുടുംബവും സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആലിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി 13-ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ അവയവദാനത്തിന് സമ്മതം മൂളുകയായിരുന്നു.
കെ-സോട്ടോയുടെ (K-SOTO) ഏകോപനത്തില്‍ പോലീസ് സഹായത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചത്. ദുഃഖത്തിനിടയിലും ആ മാതാപിതാക്കള്‍ എടുത്ത തീരുമാനത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഭിനന്ദിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിന് നാഥനില്ലാ അവസ്ഥ; മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോണ്‍ഗ്രസ്; കെ.സിയും ആര്.സിയും വി.ഡിയും തമ്മിലുള്ള വടംവലിയില്‍ ഹൈക്കമാന്‍ഡ് കുഴങ്ങുന്നു





