കോട്ടയം: മസ്തിഷ്കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള മകൾ ആലിന്റെ അവയവങ്ങൾ ദാനം ചെയ്ത് നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകിയ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും ഇപ്പോൾ അതിനിന്ദ്യമായ സൈബർ ആക്രമണത്തിന് ഇരയാകുകയാണ്. കുഞ്ഞിന്റെ വിയോഗവാർത്തയ്ക്കും ചിത്രങ്ങൾക്കും താഴെ “അമ്മ എന്താണ് കരയാത്തത്?”, “ഇവർ കല്യാണത്തിനാണോ വന്നിരിക്കുന്നത്?” തുടങ്ങിയ വിദ്വേഷം നിറഞ്ഞ കമന്റുകളാണ് ഒരു വിഭാഗം ആളുകൾ പോസ്റ്റ് ചെയ്യുന്നത്.
ഫെബ്രുവരി അഞ്ചിന് പള്ളം ബോർമ കവലയിലുണ്ടായ വാഹനാപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചതോടെ, സ്വന്തം സങ്കടം ഉള്ളിലൊതുക്കി അവയവദാനത്തിന് മാതാപിതാക്കൾ സമ്മതം നൽകുകയായിരുന്നു.
മകൾ പോയതിൽ അമ്മയ്ക്ക് സങ്കടമില്ലെന്നും, അലമുറയിട്ട് കരയാത്ത അമ്മ അമ്മയാണോ എന്നും ചോദിക്കുന്ന ഹൃദയശൂന്യമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.വാഹനാപകടത്തെക്കുറിച്ചും കുഞ്ഞിന്റെ മരണത്തെക്കുറിച്ചും അന്വേഷണം വേണമെന്ന തരത്തിൽ മാതാപിതാക്കളെ സംശയനിഴലിൽ നിർത്തുന്ന പരാമർശങ്ങളും ഉയരുന്നുണ്ട്.ആധുനിക വസ്ത്രധാരണത്തെയും പെരുമാറ്റത്തെയും കുഞ്ഞിന്റെ മരണവുമായി ബന്ധിപ്പിച്ച് അധിക്ഷേപിക്കുന്ന നിലവാരമില്ലാത്ത കമന്റുകളും ഇതിലുണ്ട്.
അപരന്റെ സങ്കടം അളക്കാൻ അളവുകോലുമായി ഇറങ്ങുന്ന മലയാളിയുടെ ‘സാഡിസ്റ്റ്’ മനോഭാവത്തിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. മാതാപിതാക്കളുടെ ഉള്ളിലെ വിങ്ങൽ ആരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും, മറ്റുള്ളവർക്ക് വെളിച്ചമേകിയ കുലീനമായ ആ തീരുമാനത്തെ മാനിക്കാൻ കഴിയാത്തവർ നിശബ്ദത പാലിക്കണമെന്നും സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ വരുന്നു. “സങ്കടം വരണമെങ്കിൽ ക്യാമറയ്ക്ക് മുന്നിൽ ബോധംകെട്ട് വീഴണം എന്ന മലയാളിയുടെ കപട സദാചാരബോധമാണ് ഇവിടെ വെളിവാകുന്നത്” എന്ന് പലരും അഭിപ്രായപ്പെട്ടു.
തങ്ങളുടെ ഏക മകളെ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന ഈ ദമ്പതികളെ ചേർത്തുപിടിക്കുന്നതിന് പകരം മുറിവിൽ ഉപ്പുതേയ്ക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


“സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യില്ല!” യുഡിഎഫ് ജാഥയെ ട്രോളി വെള്ളാപ്പള്ളി; വീണാ ജോർജ് മിടുക്കിയാണെന്നും പിണറായി വീണ്ടും വരുമെന്നും പ്രവചനം!
അഹമ്മദാബാദിലെ മോദി സ്റ്റേഡിയത്തില്‍ ബാറ്റിംഗില്‍ സഞ്ജു താണ്ഡവം; കിവീസിനെ എറിഞ്ഞിട്ട് ബുംറയും കൂട്ടരും; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യ വീണ്ടും ലോകരാജാക്കന്മാര്; ട്വന്റി ട്വന്റി കിരീടത്തില്‍ സൂര്യകുമാര്‍ മുത്തമിട്ടപ്പോള്‍





