തിരുവനന്തപുരം: മരണത്തിലും അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്കി മടങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞുമാലാഖ അലിന് ഷെറിന് എബ്രഹാം ചരിത്രത്തിലേക്ക്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ അലിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ ഔദ്യോഗിക ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന സ്ഥാനവും ഇനി അലിന് സ്വന്തമാകും.
നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മല്ലപ്പള്ളി നെടുങ്ങാടുപള്ളി സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ചിലാണ് സംസ്കാരം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും വേണ്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കും. പോലീസിന്റെ ബ്യൂഗിള്‍ വിളികളോടെയുള്ള ഗാര്‍ഡ് ഓഫ് ഓണറും കുഞ്ഞിന് നല്‍കും. ഇതുസംബന്ധിച്ച നിര്‍ദ്ദേശം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. പൊതുഭരണ വകുപ്പ് പ്രോട്ടോകോള്‍ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മകളുടെ വിയോഗത്തിന്റെ നീറുന്ന വേദനയ്ക്കിടയിലും അച്ഛന് അരുണ്‍ എബ്രഹാമും അമ്മ ഷെറിന് ആന്‍ ജോണും എടുത്ത ഉജ്ജ്വല തീരുമാനമാണ് അലിനെ അഞ്ചുപേരിലൂടെ ജീവിപ്പിക്കുന്നത്. അലിന്റെ കരള്‍, രണ്ട് വൃക്കകള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഇതില്‍ കരള്‍ സ്വീകരിക്കുന്നത് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണ് ഇത്.
അലിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്‍കുന്നത്. ഹൃദയവാല്‍വ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലേക്കും കൈമാറി. ഫെബ്രുവരി അഞ്ചിന് പള്ളം ബോര്‍മ കവലയിലുണ്ടായ വാഹനാപകടത്തിലാണ് അലിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 13-ന് കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
കുടുംബത്തിന്റെ തീവ്രദുഃഖത്തില്‍ പങ്കുചേരുന്നതായും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്താന്‍ മാതാപിതാക്കള്‍ എടുത്ത മാതൃകാപരമായ തീരുമാനത്തിന് നന്ദി അറിയിക്കുന്നതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്. അലിന്റെ ജീവന് തുടിക്കുന്ന അവയവങ്ങളുമായി എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അവയവങ്ങള്‍ എത്തിക്കാന്‍ ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പൂര്‍ണ്ണ സഹകരണവുമുണ്ടായിരുന്നു. മാലാഖയായി വന്നവള്‍ മാലാഖയായി തന്നെ മടങ്ങുമ്പോള്‍, അവയവദാന രംഗത്ത് കേരളത്തിന് വിസ്മരിക്കാനാവാത്ത നാമമായി അലിന് ഷെറിന് എബ്രഹാം മാറുകയാണ്.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“കയ്യാമം വെച്ച് കോടതിയിൽ എത്തിച്ചിട്ട് ഒരൊറ്റ വർഷം”; ശ്രീകണ്ഠൻ നായരുടെ പരാതിയിൽ അറസ്റ്റിലായ റഷീദ് ചെമ്പന്റെ പോസ്റ്റ് വൈറൽ!





