ഉപഭോക്തൃ അവകാശങ്ങളുടെ കാവലാള്‍; പൗരാവകാശ പോരാട്ടങ്ങളുടെ ശബ്ദം നിലച്ചു; പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

പാലാ: ഉപഭോക്തൃ അവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടിയ പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. കാറപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വിടവാങ്ങിയത്.

കേരളത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ചും സാധാരണക്കാരുടെ അവകാശങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതില്‍ ഡിജോ കാപ്പന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹം സ്ഥാപിച്ച ‘സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍’ വഴി നിരവധി നിയമപോരാട്ടങ്ങളാണ് നടത്തിയത്. വൈദ്യുതി, ഗതാഗത മേഖലകളിലെ ഉപഭോക്തൃ ചൂഷണങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. റോഡ് സുരക്ഷാ വിഷയങ്ങളിലും അദ്ദേഹം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.സിയിലൂടെയാണ് ഡിജോ കാപ്പന്‍ പൊതുരംഗത്തെത്തുന്നത്. 1982-ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം കെ.എസ്.സിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. എന്നാല്‍, 1998-ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് പൂര്‍ണ്ണമായും പൗരാവകാശ പോരാട്ടങ്ങളിലേക്ക് തിരിയുകയായിരുന്നു. മാധ്യമ ചര്‍ച്ചകളില്‍ കൃത്യമായ നിലപാടുകളും വസ്തുതകളും നിരത്തി സംസാരിച്ചിരുന്ന അദ്ദേഹം മലയാളിക്ക് സുപരിചിതനായ മുഖമായിരുന്നു.

ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി തിരുവനന്തപുരത്തായിരുന്നു താമസം. കേരള സര്‍വകലാശാല പ്ലാനിങ് വിഭാഗം മേധാവി മിനി കാപ്പനാണ് ഭാര്യ. കാറപകടത്തെത്തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ ചികിത്സയിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ഡിജോ കാപ്പന്റെ നിര്യാണത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് നടക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.