കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാളി. പോലീസ് ഉന്നതന്റെ നിര്‍ദ്ദേശ പ്രകാരമാണ് സുബ്രഹ്‌മണ്യെനെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചത്. പ്രതിപക്ഷത്തെ പ്രമുഖന്റെ ഇടപെടലാണ് നിര്‍ണ്ണായകമായത്. സുബ്രഹ്‌മണ്യത്തിനെതിരെ നടപടിയുണ്ടായാല്‍ ഭരണമാറ്റമുണ്ടാകുമ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന് പോലീസ് ഉന്നതനെ പ്രതിപക്ഷത്തെ പ്രധാനി അറിയിച്ചു. നിയമവിരുദ്ധ കേസാണ് ഇതെന്നും ഇത്തരം നടപടികള്‍ എടുക്കുന്ന പോലീസുകാര്‍ ഭരണം മാറുമ്പോള്‍ മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷത്തെ പ്രമുഖന്‍ പറഞ്ഞു. ഭീഷണിയുടെ സ്വരത്തിലാണ് അറിയിച്ചത്.
പ്രതിപക്ഷത്തിന്റെ നിലപാട് കടുത്തതാണ് എന്ന് പോലീസ് ഉന്നതനും മനസ്സിലാക്കി. ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്നും തിരിച്ചറിഞ്ഞു. ഇതോടെ പുലിവാല് പിടിക്കാതിരിക്കാന്‍ സുബ്രഹ്‌മണ്യനെ വിട്ടയച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ സുബ്രഹ്‌മണ്യന്റെ വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്‌തെങ്കിലും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതോടെ പോലീസ് നോട്ടീസ് നല്‍കി വിട്ടയച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ സുബ്രഹ്‌മണ്യനെതിരെ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേവായൂര്‍ പോലീസ് സ്വമേധയാ കേസെടുത്തത്. ഇതില്‍ കലാപാഹ്വാന കേസ് നിലനില്‍ക്കുമോ എന്ന സംശയം പോലീസ് ഉന്നതര്‍ക്കും ഉണ്ട്.
ഒരു എഐ ചിത്രം സുബ്രഹ്‌മണ്യം പങ്കുവച്ചിരുന്നു. പോറ്റിയുടെ ചെവിയില്‍ നുള്ളുന്ന തരത്തിലായിരുന്നു ഈ ചിത്രം. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയുടെ അനുമതിയും ഉണ്ടായിരുന്നു. എന്നാല്‍ വീടു വളഞ്ഞ് അറസ്റ്റിന് എത്തിയതോടെ സാഹചര്യം മാറി. പ്രതിപക്ഷം സാഹചര്യം രാഷ്ട്രീയമായി മുതലെടുത്തു. ഇതിന് പിന്നാലെയാണ് പോലീസ് ഉന്നതനേയും വിളിച്ച് അതൃപ്തി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അറിയിച്ചത്. തദ്ദേശത്തിലെ ഫലം കണ്ടല്ലോ… ഇനി അഞ്ചു മാസം കഴിയുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയം മാറും. അപ്പോള്‍ നീതി കേടുകള്‍ക്ക് എണ്ണിയെണ്ണി പോലീസ് മറുപടി പറയേണ്ടി വരുമെന്നായിരുന്നു ആ മുന്നറിയിപ്പ്. ഇത് പോലീസിനേയും ചിന്തിപ്പിച്ചു. പിന്നാലെയാണ് കലാപാഹ്വാന കേസ് നിലനില്‍ക്കുമോ എന്ന ചിന്ത ഉയര്‍ന്നത്.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. ഈ ചിത്രം എഐ നിര്‍മ്മിതമാണെന്ന് സി.പി.എം ആരോപിക്കുമ്പോള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ട വീഡിയോയില്‍ നിന്നുള്ള ദൃശ്യമാണിതെന്ന് സുബ്രഹ്‌മണ്യന്‍ വാദിക്കുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമുള്ള കേസില്‍ മുതിര്‍ന്ന നേതാവിനെ വീടുവളഞ്ഞ് പിടികൂടിയത് രാഷ്ട്രീയ പകപോക്കലാണെന്ന് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രധാന പ്രതി ഡി. മണിയെ പിടികൂടാന്‍ കഴിയാത്ത പോലീസാണ് സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കാട്ടുനീതി നടപ്പിലാക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസിന്റെ ശ്രമം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടഞ്ഞതോടെ സ്ഥിതിഗതികള്‍ വഷളായി. സമാനമായ ചിത്രം ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും പങ്കുവെച്ചിട്ടും അദ്ദേഹത്തിനെതിരെ കേസെടുക്കാത്ത പോലീസിന്റെ ഇരട്ടത്താപ്പും പ്രതിഷേധത്തിന് കാരണമായി. ഒടുവില്‍ കാര്യങ്ങള്‍ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് കണ്ടതോടെ ഉന്നതതല നിര്‍ദ്ദേശപ്രകാരം സുബ്രഹ്‌മണ്യനെ വിട്ടയയ്ക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം പരിഹസിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മരുമോനിസത്തെ കെട്ടുകെട്ടിക്കാന്‍ അന്‍വറിസം ബേപ്പൂരിലേക്ക്; വിറച്ച് സിപിഎം, നേരിട്ടിറങ്ങാന്‍ പിണറായി; കോഴിക്കോട്ടെ ഗ്രൂപ്പിസം റിയാസിന് വിനയാകുമോ? കോണ്‍ഗ്രസിലും ബേപ്പൂര്‍ പൊട്ടിത്തെറികള്‍





