ആറുമാസം മാത്രം ശിക്ഷ കിട്ടാവുന്ന ഒരു കുറ്റത്തിന് ഒരാളെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുക്കുന്നത് സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് വിരുദ്ധം; പ്രചരിപ്പിച്ചത് എ ഐ നിര്‍മ്മിത ചിത്രമാണെന്ന് പറയുന്നുണ്ടെങ്കിലും എഫ്‌ഐആറില്‍ അതില്ല! സുബ്രഹ്‌മണ്യത്തിനെതിരെ നടത്തിയതെല്ലാം വന്‍ അബദ്ധങ്ങള്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യത്തിനെതിരെയുള്ള നടപടിയില്‍ കൈപൊള്ളി കേരളാ പോലീസ്. ശബരിമലയിലെ സ്വര്‍ണ്ണകൊള്ള കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിനാണ് സുബ്രഹ്‌മണ്യനെതിരെ പോലീസ് കേസെടുത്തത്.

സുബ്രഹ്‌മണ്യനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നതും പോലീസിന്റെ പിഴവായി വേണം കാണാന്‍. ആറുമാസം മാത്രം ശിക്ഷ കിട്ടാവുന്ന ഒരു കുറ്റത്തിന് ഒരാളെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുക്കുന്നത് ഇത് സംബന്ധിച്ചുള്ള സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. നോട്ടീസു നല്‍കി വിളിച്ചുവരുത്താന്‍ പോലീസിന് കഴിയുമായിരുന്ന ഒരു കേസിലെ പ്രതി, ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാനത്തതന്നെ അറിയപ്പെടുന്ന നേതാവ് ആകുമ്പോള്‍ പോലീസ് അക്കാ ര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ പോലീസിന് വിട്ടയക്കേണ്ടിവന്നു.പോലീസ് സ്റ്റേഷനില്‍നിന്ന് തന്നെ ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ ജാമ്യം നല്‍കാതെ കോടതിയില്‍ ഹാജരാക്കിയാല്‍ കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിഞ്ഞു കൊണ്ടാണ് പോലീസ് ജാമ്യം നല്‍കിയത്. നിസ്സാരമായ ഒരു പ്രശ്‌നത്തില്‍ എടുത്തുചാടി സ്വമേധയാ കേസെടുത്ത പോലീസ് നടപടി പ്രതിപക്ഷത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് സഹായകമായത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ് സുബ്രഹ്‌മണ്യന്‍ ഇപ്പോള്‍. കോഴിക്കോട് സിറ്റിയിലെ ചേ വായൂര്‍ പോലീസ് ആണ് സുബ്രഹ്‌മണ്യത്തിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്.എസ് എച് ഒ മഹേഷ് ടി ആരുടെയും പരാതി ഇല്ലാതെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കഴിഞ്ഞ 25ന് ക്രൈം നമ്പര്‍ 1070 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ് )192 (കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), കേരള പോലീസ് ആക്ട് 120(ഒ) (ഇലക്ട്രോണിക് മാധ്യമത്തിലൂടെ മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തി ) എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ബിഎന്‍എസ് 192ന് ഒരു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. എന്നാല്‍ കലാപം ഉണ്ടായില്ലെങ്കില്‍ ഈ ശിക്ഷ പരമാവധി ആറുമാസം മാത്രം.കേരള പോലീസ് ആക്ട് 120(ഒ) തെളിയിക്കപ്പെട്ടാല്‍ ആറുമാസം തടവോ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ ലഭിക്കുക.

ചേവായൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് സ്വമേധയാ എടുത്ത കേസിന്റെ പ്രഥമ വിവ റിപ്പോര്‍ട്ടില്‍’ 25 12 2025 തീയതി ഒരു മണിക്ക് 01.00 മണി സമയത്ത് പ്രതി സമൂഹത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ രാഷ്ട്രീയ വിദ്വേഷം ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന് ഉദ്ദേശത്തോടെ ‘പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണം’ എന്ന് രണ്ടുപേരുടെയും ഫോട്ടോ വെച്ച് പോസ്റ്റ് ചെയ്തു എന്നും മറ്റും’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സുബ്രഹ്‌മണ്യന്‍ പ്രചരിപ്പിച്ചത് എ ഐ നിര്‍മ്മിത ചിത്രമാണെന്ന് പറയുന്നുണ്ടെങ്കിലും എഫ്‌ഐആറില്‍ അക്കാര്യം ഇല്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തു പീഡിപ്പിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ പ്രചരണത്തിന് പോലീസ് സ്വയം ആയുധമാകുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.