തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്ക് പേജിൽ കാർഡ് ഇട്ടെങ്കിലും ഫലമുണ്ടായില്ല. സി ആർ ബിജുവിനെ ലോക്കൽ പോലീസിലേക്ക് മാറ്റി അധികൃതർ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സി ആർ ബിജു. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് കൊച്ചി സിറ്റിയിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലാണ് ബിജു ജോലി ചെയ്തുവരുന്നത്. യൂണിഫോം വേണ്ടാത്ത ജോലിയാണിത്.അതുകൊണ്ടുതന്നെ നീണ്ട ജുബ്ബയാണ് സ്ഥിരം വേഷം. കൊച്ചി സിറ്റി പോലീസിൽ നിലവിലുള്ള ഒഴിവിലേക്കാണ് ബിജുവിന് നിയമനം നൽകിയിട്ടുള്ളത്. ലോക്കൽ വിഭാഗം ആയതിനാൽ ഇനി യൂണിഫോമിട്ട് റോഡിൽ ജോലി ചെയ്യേണ്ടിവരും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം സിറ്റി ഇൻസ്പെക്ടറായി ജോലി നോക്കിയിരുന്ന പ്രശാന്തിനെ തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ അടുപ്പക്കാരായിരുന്നു ഈ രണ്ടു ഉദ്യോഗസ്ഥരും. മുതിർന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉൾപ്പടെയുള്ള പോലീസ് ഭരണത്തിൽ അമിതമായി ഇടപെടുന്നു വെന്ന ആക്ഷേപം ഇരുവർക്കും എതിരെ പലതവണ ഉയർന്നിരുന്നു. പിണറായി വിജയന്റെ ഭരണകാലത്ത് പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ വിമർശനമുന്നയിച്ച് അസോസിയേഷൻ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പൊലീസിന്റെ ‘രക്ഷാപ്രവർത്തനം’ പൊളിച്ചു; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ വലയെറിഞ്ഞ് ക്രൈംബ്രാഞ്ച്




