പാലക്കാട് സിപിഎം വിമത കൺവെൻഷനിൽ പി.കെ. ശശിയുടെ മാസ് എൻട്രി; ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ നീക്കം.

പാലക്കാട്: പാലക്കാട് നടന്ന സി‌പി‌എം വിമത കൺവെൻഷനിലേക്ക് നൂറുകണക്കിന് അനുയായികളുടെ മുദ്രാവാക്യം വിളികളോടെ പി.കെ. ശശിയുടെ മാസ് എൻട്രി. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നുള്ള വൻ ജനപങ്കാളിത്തമാണ് കൺവെൻഷനിൽ ദൃശ്യമായത്. പാർട്ടിയുമായി ഏറെക്കാലമായി ഇടഞ്ഞുനിൽക്കുന്ന ശശിക്ക് ലഭിക്കുന്ന ഈ സ്വീകാര്യത വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സി‌പി‌എമ്മിന് വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്. പുതിയ വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി യുഡിഎഫ് പിന്തുണയോടെ പി.കെ. ശശി ഒറ്റപ്പാലത്ത് മത്സരരംഗത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായും കോൺഗ്രസ് – മുസ്ലീം ലീഗ് നേതൃത്വവുമായും പി.കെ. ശശി ഇതിനകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. എന്നാൽ ശശിയുടെ വരവിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മുൻപ് പി.കെ. ശശിക്കെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ തെരുവിൽ പ്രതിഷേധിച്ചവർക്ക്, അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിച്ചിറങ്ങുന്നതിൽ വലിയ ധാർമ്മിക പ്രതിസന്ധിയുണ്ടെന്നാണ് ഇവരുടെ വാദം. 2021-ൽ സി‌പി‌എം തന്നെ അദ്ദേഹത്തെ മാറ്റിനിർത്താൻ കാരണമായ പരാതികൾ ചൂണ്ടിക്കാട്ടി, ശശിയെ സ്ഥാനാർത്ഥിയാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ കെപിസിസിയെ അറിയിച്ചിട്ടുണ്ട്.

ഒറ്റപ്പാലത്ത് പി.കെ. ശശിക്ക് പകരം കോൺഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ യൂത്ത് കോൺഗ്രസ് നേതാവ് ഒ.കെ. ഫാറൂഖിനെയോ പരിഗണിക്കണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. അതേസമയം, പാലക്കാട്ടെ ഇടതുപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ശശിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് കരുതുന്ന ഒരു വിഭാഗം യുഡിഎഫ് നേതാക്കൾ നീക്കത്തെ അനുകൂലിക്കുന്നുമുണ്ട്. വരും ദിവസങ്ങളിൽ യുഡിഎഫ് നേതൃത്വം എടുക്കുന്ന തീരുമാനം പാലക്കാട്ടെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമാകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.