തിരുവനന്തപുരം: കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ചെയർമാൻസ്ഥാനം പി കെ ശശി രാജിവച്ചു. സിപിഎമ്മിന്റെ മുൻ എംഎൽഎ യും പാർട്ടി അംഗവുമായ അദ്ദേഹം പാർട്ടി വിടുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി സിപിഎമ്മുമായി നല്ല ബന്ധത്തിലായിരുന്നില്ല പി കെ ശശി. എന്നാൽ ഷൊർണ്ണൂർ മുൻ എംഎൽഎ യായ അദ്ദേഹത്തെ കെ ടി ഡി സി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാൻ പാർട്ടി തയ്യാറായിരുന്നില്ല.
പാർട്ടി നേരത്തെ ശശിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സിപിഎം നിയന്ത്രണത്തിലുള്ള മണ്ണാർക്കാട് സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും അതിലേക്ക് ആവശ്യമായ ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേട് ഉണ്ടായെന്നുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പി കെ ശശിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണവും ഉയർന്നിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിൽ ശശി പങ്കെടുത്തിരുന്നില്ല.
ആരോഗ്യ പ്രശ്നങ്ങളാലാ ണ് ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ശശിയുടെ അസാന്നിധ്യം വലിയതോതിൽ വാർത്തയായതോടെ ജാഥയിൽ പങ്കെടുക്കാൻ അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ശശി യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത് ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാജി.


പി.ആർ.ഡി മീഡിയ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായി സി. എഫ്. ദിലീപ് കുമാർ ചുമതലയേറ്റു
പോലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം; എസ്.ഐമാർക്ക് പ്രൊമോഷൻ; ഉത്തരവിറങ്ങി





