‘അവസരം നല്‍കി’ എന്ന് വരുത്തിത്തീര്‍ക്കാന്‍ പേരാവൂര്‍; ശൈലജ ടീച്ചര്‍ ഓഫര്‍ സ്വീകരിക്കുമോ? സംസ്ഥാന സമിതിയില്‍ നിലപാട് പറയാന്‍ മുന്‍ ആരോഗ്യമന്ത്രി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള സസ്‌പെന്‍സ് സിപിഎം സംസ്ഥാന സമിതി വരെ നീളുന്നു. ശൈലജയെ മട്ടന്നൂരിലെ സുരക്ഷിത സീറ്റില്‍ നിന്ന് മാറ്റി, യുഡിഎഫ് കോട്ടയായ പേരാവൂരില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം.
പിബി നിര്‍ദ്ദേശത്തിന്റെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ‘ഒതുക്കല്‍’ തന്ത്രമാണ് ഇതെന്ന ആക്ഷേപം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ശക്തമാണ്. താന്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ശൈലജ ടീച്ചര്‍ സംസ്ഥാന സമിതിയില്‍ തന്റെ അന്തിമ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ മട്ടന്നൂരില്‍ ഇത്തവണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാനാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അഞ്ച് തവണ മത്സരിച്ചു എന്ന സാങ്കേതിക കാരണം പറഞ്ഞാണ് ശൈലജയെ മാറ്റുന്നത്.
എന്നാല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സിറ്റിംഗ് സീറ്റില്‍ തുടരുമ്പോള്‍ ശൈലജയ്ക്ക് മാത്രം മാനദണ്ഡം ബാധകമാക്കുന്നതിനെ ടീച്ചര്‍ അനുകൂലിക്കുന്നില്ല. പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ മത്സരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ടീച്ചര്‍ക്ക് അറിയാം. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പേരാവൂരിലും തോല്‍വി നേരിട്ടാല്‍ അത് ശൈലജയുടെ രാഷ്ട്രീയ അന്ത്യത്തിന് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കണ്ണൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സിപിഎം ലക്ഷ്യമിടുന്നത്. തലശ്ശേരിയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പകരം കാരായി രാജനെ മത്സരിപ്പിക്കാനാണ് ധാരണ. തളിപ്പറമ്പില്‍ വനിതാ പ്രതിനിധിയായി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള എത്തും. അതേസമയം, സംഘടനാരംഗത്ത് ഒറ്റപ്പെട്ട പി. ജയരാജനെ ഇത്തവണയും പാര്‍ലമെന്ററി രംഗത്തേക്ക് പരിഗണിച്ചിട്ടില്ല. തോമസ് ഐസക്, എം.എം. മണി, ഇ.പി. ജയരാജന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ഇത്തവണ മത്സരരംഗത്തുണ്ടാകില്ല.
ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന ശൈലജയെ വിജയസാധ്യത കുറഞ്ഞ മണ്ഡലത്തില്‍ തളച്ചിടുന്നത് പിണറായി വിജയന്റെ കൃത്യമായ പ്ലാനിംഗിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ശൈലജയെ പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ അത് സംസ്ഥാനതലത്തില്‍ തിരിച്ചടിയാകുമെന്ന് കണ്ട് ‘അവസരം നല്‍കി’ എന്ന് വരുത്തിത്തീര്‍ക്കാനാണ് പേരാവൂര്‍ സീറ്റ് നല്‍കുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് ശുപാര്‍ശ.
എന്നാല്‍ മട്ടന്നൂരില്‍ നിന്ന് മാറ്റിയതിലുള്ള അതൃപ്തി ശൈലജ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അറിയിച്ചു കഴിഞ്ഞു. സംസ്ഥാന സമിതി യോഗത്തില്‍ ടീച്ചര്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും 2026-ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഗതി നിര്‍ണ്ണയിക്കുക.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.