കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മില്‍ പുകയുന്ന ആഭ്യന്തര കലഹം തെരുവിലേക്ക്. പേരാവൂരില്‍ പരാജയപ്പെട്ട മുന്‍ മന്ത്രി കെ.കെ. ശൈലജ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉന്നയിച്ച കടുത്ത അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തനിക്ക് ഒട്ടും താല്‍പ്പര്യമില്ലാതിരുന്നിട്ടും നേതൃത്വം നിര്‍ബന്ധിച്ച് പേരാവൂരില്‍ മത്സരിപ്പിക്കുകയായിരുന്നുവെന്നും, അവിടെ ജയിക്കില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്നെ ബലികൊടുക്കുകയായിരുന്നുവെന്നുമാണ് ശൈലജയുടെ ആരോപണം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വടകരയിലെ തോല്‍വിക്ക് പിന്നാലെ നിയമസഭയിലും ശൈലജയ്ക്ക് കാലിടറിയത് പാര്‍ട്ടിക്കുള്ളിലെ ആസൂത്രിത നീക്കമാണെന്ന സംശയം ശൈലജ പക്ഷം ഉയര്‍ത്തുന്നുണ്ട്. ‘ജയിക്കില്ലെന്ന് അറിഞ്ഞുതന്നെയാണ് എന്നെ അങ്ങോട്ടേക്ക് അയച്ചത്’ എന്ന ശൈലജയുടെ ഒറ്റവരി പരാമര്‍ശം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മട്ടന്നൂരിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ നിന്ന് പേരാവൂരിലെ 14,000 വോട്ടിന്റെ തോല്‍വിയിലേക്കുള്ള ദൂരം ശൈലജയെ ഒതുക്കാനുള്ള നീക്കത്തിന്റെ ഫലമാണെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്.
മട്ടന്നൂരിലെ സുരക്ഷിത മണ്ഡലത്തില്‍ നിന്ന് ശൈലജയെ മാറ്റിയത് മുതല്‍ വിവാദങ്ങള്‍ പുകഞ്ഞിരുന്നു. ശൈലജയെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് പേരാവൂരിലേക്ക് മാറ്റിയതെന്ന ടി.കെ. ഗോവിന്ദന്റെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് വോട്ട് നില പുറത്തുവന്നത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ശൈലജയ്ക്ക് വോട്ട് ചോര്‍ന്നു. ഇടതുകോട്ടയായ പായം പഞ്ചായത്തില്‍ പോലും ലീഡ് നിലനിര്‍ത്താന്‍ ശൈലജ നന്നേ പാടുപെട്ടു. സ്വന്തം നാട്ടുകാര്‍ പോലും കൈവിട്ടത് ശൈലജയെ ഞെട്ടിച്ചിട്ടുണ്ട്.
കണ്ണൂരിലെ സി.പി.എം കോട്ടകളില്‍ ഇത്തവണ ഉണ്ടായ വിള്ളല്‍ ശൈലജയുടെ പരാജയത്തിന് ആക്കം കൂട്ടി. സണ്ണി ജോസഫിന്റെ വ്യക്തിപരമായ സ്വാധീനത്തെ മറികടക്കാന്‍ ശൈലജയുടെ ടീച്ചര്‍ ഇമേജിന് കഴിഞ്ഞില്ല. മട്ടന്നൂരില്‍ ശൈലജയ്ക്ക് പകരം മത്സരിച്ച വി.കെ. സനോജ് ജയിച്ചെങ്കിലും ഭൂരിപക്ഷത്തില്‍ ഉണ്ടായ വന്‍ ഇടിവ് കണ്ണൂരിലെ സി.പി.എമ്മിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ശൈലജയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ചോദ്യചിഹ്നമാക്കുകയാണ്.
സംസ്ഥാന വ്യാപകമായുണ്ടായ ഭരണവിരുദ്ധ തരംഗം ശൈലജയെയും ബാധിച്ചുവെന്ന് നേതൃത്വം ന്യായീകരിക്കുമ്പോഴും, പ്രമുഖ നേതാക്കളെ ദുര്‍ബലമായ മണ്ഡലങ്ങളില്‍ അയച്ച് പരാജയപ്പെടുത്തിയെന്ന ആരോപണം സി.പി.എമ്മിനെ വേട്ടയാടും. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ശൈലജയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായ ചില കേന്ദ്രങ്ങളാണ് ഈ മണ്ഡലം മാറ്റത്തിന് പിന്നിലെന്ന വാദം ശക്തിപ്പെടുകയാണ്.
ജനപ്രിയ നേതാവ് എന്ന പരിവേഷം ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നോ എന്നതും അന്വേഷിക്കേണ്ടി വരും. വരും ദിവസങ്ങളില്‍ കെ.കെ. ശൈലജയുടെ ഈ വെളിപ്പെടുത്തല്‍ സി.പി.എമ്മിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകും. ടീച്ചറെ ബലികൊടുത്തത് ആരെന്ന ചോദ്യത്തിന് ഉത്തരം നല്കാന് നേതൃത്വം വിയര്‍ക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘എന്താണിവിടെ നടക്കുന്നത്, ഇതിനേക്കാള്‍ വലിയ തമാശയുണ്ടോ?, ഖേല്‍ക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്’;വിവാദങ്ങളുടെ പുകമറ നീക്കി സതീശന്





