ഭാവിയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ കൊൽക്കത്ത ആക്രമിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി; രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഖവാജാ ആസിഫ്

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഭാവിയിൽ ഏറ്റുമുട്ടലുണ്ടായാൽ കൊൽക്കത്ത അടക്കമുള്ള ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വെക്കുമെന്ന വിവാദ ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജാ ആസിഫ് രംഗത്തെത്തി. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണം ഉണ്ടായാൽ നോക്കിനിൽക്കില്ലെന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ കർശന മുന്നറിയിപ്പിന് രണ്ട് ദിവസത്തിന് ശേഷമാണ് പാക് മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രതികരണം.

“ഇത്തവണ ഇന്ത്യ എന്തെങ്കിലും വ്യാജ ഓപ്പറേഷൻ  നടത്തിയാൽ, ഞങ്ങളുടെ പ്രതികരണം കൊൽക്കത്തയിലായിരിക്കും,” എന്ന് ആസിഫ് പറഞ്ഞു. പാകിസ്ഥാൻ പൗരന്മാരെയോ സ്വന്തം പൗരന്മാരെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ സൃഷ്ടിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ഇന്ത്യ ശ്രമിച്ചേക്കുമെന്ന വിചിത്രമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. എന്നാൽ ഇതിന് യാതൊരു തെളിവുകളും നിരത്താൻ അദ്ദേഹത്തിനായില്ല.

പാകിസ്ഥാൻ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെടുമ്പോഴും, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർണ്ണമാണെന്നും പ്രതികരണം വേഗത്തിലും നിർണ്ണായകവുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വ്യാഴാഴ്ച കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാജ്‌നാഥ് സിംഗ് പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകിയത്. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റായ നീക്കമുണ്ടായാൽ അവർ പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഭീകരവാദത്തോടുള്ള ‘സീറോ ടോളറൻസ്’ നയം അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.