തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഭരണമാറ്റത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുണ്ടായ ഓഫീസ് തര്‍ക്കം കേവലമൊരു കെട്ടിടപ്രശ്‌നത്തിനപ്പുറം മേയര്‍ വി.വി. രാജേഷും വി.കെ. പ്രശാന്ത് എംഎല്‍എയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമായി മാറുന്നു. എംഎല്‍എ ഓഫീസിനായി നഗരസഭാ കെട്ടിടം വിട്ടുനല്‍കിയതിലെ രേഖകള്‍ പരിശോധിക്കുമെന്ന് പ്രഖ്യാപിച്ച മേയര്‍ രാജേഷ്, ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ നിലപാടിന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. വ്യക്തിപരമായ അടുപ്പം വെച്ച് ശ്രീലേഖ ഉന്നയിച്ച ആവശ്യം വിവാദമാക്കാന്‍ എംഎല്‍എ ശ്രമിച്ചത് ശരിയായില്ലെന്നും, കൗണ്‍സിലര്‍ക്ക് ഫയലുകള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ എംഎല്‍എ ഓഫീസിന്റെ വാടക കരാറും മറ്റ് നിയമവശങ്ങളും സൂക്ഷ്മമായി പരിശോധിക്കുമെന്നും രേഖകള്‍ നോക്കിയ ശേഷം ആധികാരികമായി പ്രതികരിക്കുമെന്നും മേയര്‍ വ്യക്തമാക്കിയത് വരുംദിവസങ്ങളില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. വി.കെ. പ്രശാന്ത് എംഎല്‍എ ഓഫീസിലെത്തി ആര്‍. ശ്രീലേഖ നടത്തിയ നാടകീയ സന്ദര്‍ശനവും ‘താന്‍ അവിടെയിരുന്ന് ഭരിക്കും’ എന്ന പ്രഖ്യാപനവും മേയറുടെ പിന്തുണയോടെയുള്ള രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കോര്‍പ്പറേഷനിലെ കോമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്ക് കിട്ടേണ്ട വാടക കിട്ടുന്നുണ്ടോ എന്നും പരിശോധിക്കും. 25 ലക്ഷം കെട്ടിട നികുതി കുടിശിഖ തരാനുള്ളവരും ഉണ്ട്. ഇതും പരിശോധിക്കും.
മാര്‍ച്ചില്‍ വാടക കാലാവധി തീരുന്നത് വരെ മാറില്ലെന്ന പ്രശാന്തിന്റെ നിലപാടിനെ നഗരസഭാ കൗണ്‍സിലിലെ ബിജെപി ഭൂരിപക്ഷം ഉപയോഗിച്ച് നേരിടാനാണ് മേയറുടെയും ശ്രീലേഖയുടെയും നീക്കം. എംഎല്‍എയുടെ ‘ബുള്‍ഡോസര്‍ രാജ്’ വിമര്‍ശനത്തെ തള്ളുന്ന ബിജെപി, കൗണ്‍സിലറുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് മേയര്‍ ഇടപെടുന്നതെന്ന് സ്ഥാപിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീലേഖ എത്തിയേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ, എംഎല്‍എയെ അദ്ദേഹത്തിന്റെ തന്നെ വാര്‍ഡില്‍ പ്രതിരോധത്തിലാക്കാന്‍ മേയര്‍ വി.വി. രാജേഷ് നല്‍കുന്ന രാഷ്ട്രീയ കരുത്ത് വട്ടിയൂര്‍ക്കാവ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ചുമതലയേറ്റ വി.വി. രാജേഷ് അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ, മുന്‍ ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതിയില്‍ വിട്ടുവീഴ്ചയില്ല: അഴിമതി ആരോപണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും, മുന്‍ ഭരണസമിതിയുടെ കാലത്തെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തുന്ന കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെയാണ് എംഎല്‍എയുടെ കെട്ടിടവും വിവാദത്തിലേക്ക് വരുന്നത്. ഇതും പരിശോധിക്കും. അതിനിടെ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി വേട്ടയാടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.
അന്വേഷണത്തിന് പ്രത്യേക സമിതി: മുന്‍ ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായുള്ള നടപടികള്‍ വൈകാതെ ആരംഭിക്കും. നഗരസഭയിലെ ഭരണപരമായ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും അഴിമതിക്ക് പഴുതുകളില്ലാത്ത രീതിയില്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. തെരുവ് നായ ശല്യം പരിഹരിക്കുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം അഴിമതി രഹിതമായ നഗരസഭ എന്ന ലക്ഷ്യത്തിനാകും മുന്‍ഗണന നല്‍കുക. തിരുവനന്തപുരം നഗരസഭയുടെ വികസനത്തിനായി എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുമെന്നും അദ്ദേഹം അറിയിച്ചു.


ബി.ജെ.പിയുടെ വോട്ടില്‍ വന്‍ ചോര്‍ച്ച; കേരളത്തില്‍ മോദി പ്രഭാവം കണ്ടില്ല; അമിത് ഷാ കലിപ്പില്‍; തിരുവനന്തപുരം പിടിച്ചിട്ടും ആകെ വോട്ട് ഇടിഞ്ഞത് ഷോക്ക്; കോണ്‍ഗ്രസിന് നല്ല കാലം
ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള





