തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം. നിതിന്‍ രാജിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. നിതിന്‍ രാജിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം.
നാലാം നിലയില്‍നിന്ന് വീണുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളില്ലാത്തതും നിതിന്റെ ശരീരത്തില്‍ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകള്‍ ഇല്ലാത്തതും മരണത്തിലെ അസ്വാഭാവികത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ദലിത് ചിന്തകന്‍ സണ്ണി എം. കപ്പിക്കാട് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കോളജ് അധികൃതര്‍ നിരന്തരം നുണകള്‍ പ്രചരിപ്പിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
പോലീസ് അന്വേഷണം തികഞ്ഞ പരാജയമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ.കെ. സുരേഷ് കുറ്റപ്പെടുത്തി. ലോണ്‍ ആപ്പ് തട്ടിപ്പുകാരെ പിടികൂടാന്‍ കാണിച്ച ആവേശം ഒളിവില്‍ കഴിയുന്ന ഡോക്ടര്‍മാരുടെ കാര്യത്തില്‍ പോലീസ് കാട്ടുന്നില്ല. ഡോ. റാം, ഡോ. സംഗീത എന്നിവര്‍ക്ക് പുറമെ കോളജ് പ്രിന്‍സിപ്പലിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
ആക്ഷന്‍ കൗണ്‍സിലിന്റെ പ്രധാന ആവശ്യങ്ങള്‍:
കേസന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കുക.
ഒളിവില്‍ കഴിയുന്ന പ്രതികളായ ഡോക്ടര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യുക.
ഒരു ദലിത് വിദ്യാര്‍ത്ഥിയുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്റെ അഫിലിയേഷന് ഉടന്‍ റദ്ദാക്കുക.
നിതിന്‍ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെങ്കില്‍ കേരളം കാണാനിരിക്കുന്നത് സമാനതകളില്ലാത്ത പ്രക്ഷോഭമായിരിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. ഏപ്രില്‍ 28-ന് നടക്കുന്ന ഹര്‍ത്താലിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.


ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയോ? രത്തന്‍ കേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റു; ‘കോണ്‍ഗ്രസ്-കമ്മിഷന് ഡീല്‍’ ആരോപിച്ച് സിപിഎം, നിയമനം വിവാദത്തില്‍
ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിപദത്തിലേക്ക് കെ.സി. വേണുഗോപാല്‍? ഹൈക്കമാണ്ട് നീക്കം സജീവം; വിധി വരും മുന്‍പേ വിജയമുറപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി; പടനയിക്കാന്‍ കെ.സി; യുഡിഎഫ് ക്യാമ്പുകളില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു





