ലോണ്‍ ആപ്പ് കഥ പൊളിയുന്നു; നിതിന്‍ രാജിന്റേത് കൊലപാതകത്തിന് തുല്യമായ പീഡനം; ഡോ. റാം ‘ക്രൂരന്‍’, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പുറത്തുവരുന്നത് കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകള്‍. മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാമിന്റെ നിരന്തര പീഡനമാണ് നിതിനെ മരണത്തിലേക്ക് തള്ളിവീഴ്ത്തിയതെന്നും സഹപാഠികള്‍ വെളിപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തകര്‍ക്കുന്ന വിചിത്രമായ ശിക്ഷാരീതികളാണ് കോളേജില്‍ നടന്നിരുന്നതെന്ന് സഹപാഠികള്‍ തെളിവുസഹിതം വ്യക്തമാക്കുന്നു.
നിതിനെ മുറിയില്‍ വിളിപ്പിച്ചു ഭീഷണിപ്പെടുത്തിയ ആ രണ്ട് മണിക്കൂര്‍ മറച്ചുവെക്കാന്‍ അധികൃതര്‍ ബോധപൂര്‍വ്വം ചമച്ച തിരക്കഥയാണ് ലോണ്‍ ആപ്പ് കഥയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. നിതിന്‍ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്ന് വരുത്തിതീര്‍ത്ത് അധ്യാപകനെ സംരക്ഷിക്കാനായിരുന്നു നീക്കം. എന്നാല്‍ അഞ്ചരക്കണ്ടിയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ സത്യം വിളിച്ചുപറയാന്‍ തുടങ്ങിയതോടെ ഈ പുകമറ പൊളിഞ്ഞു വീണിരിക്കുകയാണ്.
തലയിലടിക്കുകയും ചെവി കിഴുക്കുകയും ചെയ്യുന്നത് ഡോ. റാമിന് വിനോദമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിലുമപ്പുറം, ആണ്‍കുട്ടികളെക്കൊണ്ട് പെണ്‍കുട്ടികളെ അടിപ്പിക്കുന്ന ക്രൂരമായ രീതിയും ഇയാള്‍ നടപ്പിലാക്കിയിരുന്നു. പരീക്ഷകളില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കി. രക്ഷകര്‍ത്താക്കളുടെ മുന്നില്‍ വെച്ച് പോലും വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് സഹപാഠിയായ നയന വെളിപ്പെടുത്തി.
നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തിലാണ്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കുറ്റവാളിയായ അധ്യാപകനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.