ഭരണം പോയതോടെ തെരുവില്‍ ഇറങ്ങി എസ്.എഫ്.ഐ; നീറ്റ് ക്രമക്കേടില്‍ കേരളമാകെ ‘പ്രതിഷേധക്കടല്‍’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികള്‍ക്ക് പിന്നാലെ, ക്യാമ്പസുകളില്‍ നിന്നും തെരുവുകളിലേക്ക് ആവേശത്തോടെ തിരിച്ചെത്തി എസ്.എഫ്.ഐ. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ മോഹങ്ങള്‍ തകര്‍ത്ത നീറ്റ്  ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതമായി. ഭരണം നഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ സമരവീര്യത്തിന് കുറവില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ജില്ലാ കേന്ദ്രങ്ങളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് നടന്ന മാര്‍ച്ചുകള്‍.
തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിലും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശിയാണ് നേരിട്ടത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലും പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി.
കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മാഫിയകള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികളുടെ ഭാവി പണയപ്പെടുത്തുകയാണെന്ന് കൊല്ലത്ത് നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പിരിച്ചുവിടണമെന്നും ഉത്തരവാദികളെ ജയിലിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് വലിച്ചിഴച്ചതിനെതിരെയും കേരളത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച പരീക്ഷ റദ്ദാക്കിയതോടെ 22 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലായത്. വാട്സ്ആപ്പിലൂടെ വെള്ളക്കടലാസില്‍ എഴുതിയ നിലയില്‍ ചോദ്യങ്ങള്‍ പ്രചരിച്ചത് എന്‍.ടി.എയുടെ സുരക്ഷാ വീഴ്ചയായിട്ടാണ് കാണുന്നത്. സി.ബി.ഐ അന്വേഷണം തുടങ്ങിയെങ്കിലും പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. പുതിയ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലാണ്.
മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത് നാലാം തവണയാണ് നീറ്റ് ചോദ്യപേപ്പര്‍ ചോരുന്നത്. 2016, 2021, 2024 വര്‍ഷങ്ങളിലെ ക്രമക്കേടുകള്‍ക്ക് പിന്നാലെ ഇത്തവണയും ചോര്‍ച്ചയുണ്ടായത് എന്‍.ടി.എയുടെ പരാജയമാണെന്ന് എസ്.എഫ്.ഐ കുറ്റപ്പെടുത്തുന്നു. ജെ.ഇ.ഇ, യു.ജി.സി നെറ്റ് പരീക്ഷകളും സമാനമായ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതിഷേധം ക്യാമ്പസുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.