നിർഭയ നിശ പദ്ധതിക്ക് തിരിച്ചടിയായി മന്ത്രി ഗണേഷ് കുമാറിന്റെ കുടുംബപ്രശ്നം; പോലീസ് പ്രതിക്കൂട്ടിൽ

തിരുവനന്തപുരം: നിർഭയ നിശയുടെ ശോഭകെടുത്തി കേരള പോലീസ്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുണ്ടായ പ്രശ്നത്തിൽ നാണംകെട്ട് കേരള പോലീസ്. സ്ത്രീ സുരക്ഷയ്ക്കായി കേരള പോലീസ് സംസ്ഥാന വ്യാപകമായി ആരംഭിച്ച ‘നിർഭയ നിശ’ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് ഒരു സ്ത്രീയായിട്ടും ബിന്ദു മേനോന് സംരക്ഷണം ഒരുക്കുന്നതിൽ കേരള പോലീസ് പരാജയപ്പെട്ടത്.
ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് പോലീസിൽ നിന്നുണ്ടായ അനുഭവം ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താണ് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
ഏത് അസമയത്തും സംസ്ഥാനത്ത് എവിടെയും വനിതകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്ന കേരള പോലീസിന്റെ പദ്ധതിയാണ് ‘നിർഭയ നിശ’. എന്നാൽ മന്ത്രിയുടെ ഭാര്യ സഹായം തേടിയത് പട്ടാപകൽ ആയിട്ടുപോലും സംരക്ഷണം നൽകാൻ പോലീസിന് കഴിഞ്ഞില്ല.
 മന്ത്രിയുടെ വാളകത്തെ കുടുംബവീട്ടിൽ അനിഷ്ട സംഭവമുണ്ടായപ്പോൾ തന്നെ ബിന്ദു മേനോൻ പോലീസിന്റെ സംസ്ഥാനതല കമാൻഡ് സെന്റർ ആയ 112 ൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. കമാൻഡ് സെന്ററിൽ നിന്നും യഥാസമയംതന്നെ ഇടപെടലു ണ്ടായി. സമീപത്തുള്ള അഞ്ചൽ പോലീസ് സ്റ്റേഷനിൽ വിവരം നൽകിയതിനെ തുടർന്ന് അഞ്ചൽ പോലീസ് പാർട്ടിയും കൊട്ടാരക്കരയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിങ്ക് പോലീസ് പാർട്ടിയും സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ മന്ത്രിയാണ് എതിർകക്ഷി എന്നതിനാൽ പോലീസ് വിഷയത്തിൽ ഇടപെട്ടില്ല എന്ന്  മാത്രം.
പിങ്ക് പോലീസ് വാഹനത്തിൽ എത്തിയ വനിതാ പോലീസ് ഇത് തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ല എന്ന് പറഞ്ഞു സ്ഥലം വിടുകയായിരുന്നു. അന്യായമായി തടഞ്ഞു വയ്ക്കപ്പെട്ടെന്നും മുറിയിൽ അടച്ചിട്ട് ബലപ്രയോഗത്തിലൂടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമമുണ്ടായിയെന്നും ഒരു സ്ത്രീ പരാതി പറഞ്ഞിട്ടും വനിതാ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവുമുണ്ടായില്ല.
 മന്ത്രിയുടെയും അദ്ദേഹത്തിന്റെ ജീവനക്കാരുടെയും പിടിയിൽ അകപ്പെട്ട ഒരു സ്ത്രീ ഉച്ചത്തിൽ കരഞ്ഞ് സഹായം തേടിയിട്ടും പോലീസ് അത് നൽകിയില്ല. ആക്രമിക്കപ്പെടാൻ എല്ലാ സാധ്യതയുണ്ടായിട്ടും ആ സ്ത്രീയെ സുരക്ഷിതമായി ഒരു സ്ഥലത്ത് എത്തിക്കാനും പോലീസ് ശ്രമിച്ചില്ല.
സംഭവം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ടുപോലും പോലീസ് ഇതു സംബന്ധിച്ച് മന്ത്രിയുടെ ഭാര്യയോട് അന്വേഷണം നടത്തിയില്ല. സംഭവദിവസം അവർക്കാവശ്യമായ സുരക്ഷ ഒരുക്കുന്നതിലും പോലീസ് പരാജയപ്പെട്ടു. കടുത്ത കൃത്യവിലോപ മാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സ്ത്രീകളോടുള്ള പോലീസിന്റെ കരുതൽ പോലും ചോദ്യം ചെയ്യപ്പെടുകയാണ് ഇപ്പോൾ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.